ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
World News
ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 8:55 pm

ജെറുസലേം: ഫലസ്തീനില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വീഡിയോഗ്രാഫര്‍ സമീര്‍ അബു ദഖയാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  ഗസയിലെ ബ്യൂറോ ചീഫ് വെയ്ല്‍ അല്‍ ദഹ്ദൂഹിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌.

തെക്കന്‍ ഗസ മുനമ്പിലെ ഹാന്‍ യൂനിസില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന യു.എന്‍ സ്‌കൂളില്‍, ഇസ്രഈല്‍ മുമ്പേ നടത്തിയ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അല്‍ ദഹ്ദൂഹിനും വീഡിയോഗ്രാഫര്‍ സമീര്‍ അബു ദഖയ്ക്കും പരിക്കേറ്റതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ ആക്രമണത്തിന് പുറമെ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നഗരത്തിലെ ഒരു സ്‌കൂളില്‍ അഭയം പ്രാപിച്ച 12 പേര്‍ കൊല്ലപ്പെട്ടതായി ഖത്തര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് ശേഷം നഗരത്തിലെ നാസര്‍ ഹോസ്പിറ്റലില്‍ പുറത്തുവിട്ട അല്‍ ദഹ്ദൂഹിന്റെ ഒരു വീഡിയോയില്‍ അദ്ദേഹം അബോധാവസ്ഥ മറികടന്നെന്നും കൈക്ക് പരിക്കേറ്റ് ചികിത്സയിലാണെന്നും വ്യക്തമാവുന്നുണ്ട്.

വീഡിയോഗ്രാഫര്‍ അബു ദഖയുടെ പരിക്ക് ഗുരുതരമാണെന്ന് ദഹ്ദൂഹ് വീഡിയോയിലൂടെ പറഞ്ഞു. ആക്രമണത്തിന് ശേഷം പരിക്കേറ്റ് സംഭവസ്ഥലത്ത് കുടുങ്ങിപ്പോയവരോടൊപ്പം മെഡിക്കല്‍ സഹായത്തിനായി അബു ദഖ കാത്തിരിക്കുകയായിരുന്നെന്നും ദഹ്ദൂഹ് സൂചിപ്പിച്ചു.

ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകളും മകനും ചെറുമകനും കൊല്ലപ്പെട്ടിരുന്നു. ഗസയിലെ വിവരങ്ങള്‍ അറിയാനുള്ള അല്‍ജസീറയുടെ പ്രധാന സ്രോതസായിരുന്നു അല്‍ ദഹ്ദൂഹ്.

ഗസയില്‍ ഫലസ്തീനികള്‍ക്കെതിരായി നടത്തുന്ന അതിക്രമങ്ങള്‍ തത്സമയം കവര്‍ ചെയ്യുന്നതില്‍ അല്‍ജസീറ വാര്‍ത്താ സ്ഥാപനത്തെ അടച്ചുപൂട്ടാന്‍ ഇസ്രഈല്‍ ഭരണകൂടം നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Two Al Jazeera journalists were injured in an Israeli airstrike