| Monday, 26th November 2012, 11:30 am

രാഷ്ട്രീയക്കാരെ ഫേസ്ബുക്കില്‍ പരിഹസിച്ചതിന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാഷ്ട്രീയക്കാരെ പരിഹസിച്ചതിന്റെ പേരില്‍ രണ്ട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. പ്രധാനമന്ത്രിയേയും ദേശീയ പതാകയേയും അപമാനിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തത്.[]

എയര്‍ ഇന്ത്യ ക്യാബിന്‍ ക്ര്യൂ അംഗങ്ങളായ മയാങ്ക് മോഹന്‍ ശര്‍മ, കെ.വി.ജെ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി ആക്ട് സെക്ഷന്‍ 66(A), 67A എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മെയ് പത്തിനായിരുന്നു സംഭവം. ഇരുവരേയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വെച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഇരുവരേയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
സംഭവത്തെ കുറിച്ച് മുപ്പത്തിയൊന്ന്കാരനായ മയാങ്ക് ശര്‍മ പറയുന്നതിങ്ങനെ, മെയ് പത്തിന് ഭാര്യയുടെ ജന്മദിന പരിപാടിക്ക് ശേഷം രാത്രി ഏതാണ്ട് 1.30 ഓടെ വീട്ടിലെത്തിയ പോലീസുകാര്‍ തന്നോട് പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ വേണ്ടി പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തന്റെ ബന്ധുക്കളെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും മയാങ്ക് പറയുന്നു.

ഇന്റര്‍നെറ്റില്‍ വ്യാപകമായ കണ്ടന്റ് മാത്രമാണ് തങ്ങള്‍ ഷെയര്‍ ചെയ്തതെന്നും ഇതിന്റെ പേരിലാണ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കെ.വി.ജെ റാവു പറയുന്നു. എന്‍.സി.പി നേതാവ് കിരണ്‍ പവാസ്‌കറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും റാവു പറയുന്നു.

കുറച്ച് നാള്‍ മുമ്പ് മരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ അറസ്റ്റിലായതോടെയാണ് ഈ സംഭവം പുറത്ത് വന്നത്.

We use cookies to give you the best possible experience. Learn more