മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഫയറിങ് പരിശീലനത്തിനിടെ രണ്ട് അഗ്‌നിവീറുകള്‍ കൊല്ലപ്പെട്ടു. ഫീല്‍ഡ് ഫയറിങിനിടെ ഉണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സൈന്യം അറിയിച്ചു.
നാസിക്കിലെ ഡിയോലാലി ഫീല്‍ഡ് ഫയറിങ് റേഞ്ചിലാണ് പരിശീലനം നടന്നത്. അപകടത്തില്‍ ഹൈദരാബാദിലെ ആര്‍ട്ടിലറി സെന്ററില്‍ നിന്നുള്ള 20കാരനായ ഗോഹില്‍ വിശ്വരാജ്സിന്‍ഹ്, 21കാരനായ സൈകത് എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.
വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണമായതെന്ന് പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഹവില്‍ദാര്‍ അജിത് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിയോലാലി ക്യാമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നിലവിലെ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് മരിച്ചുവീണത് 20ലധികം അഗ്നിവീര്‍ സൈനികരാണ്. കരസേനയിലെ 18 സൈനികരുള്‍പ്പെടെയാണ് മരണപ്പെട്ടിരിക്കുന്നത്.
2023 ഒക്ടോബര്‍ 11ന് ജമ്മുവില്‍ മരണപ്പെട്ട അഗ്നിവീര്‍ അമൃത്പാല്‍ സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സ്വയം മുറിവേല്‍പ്പിച്ചാണ് അമൃത്പാല്‍ സിങ് മരിച്ചതെന്ന് വാദിച്ചായിരുന്നു അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നിഷേധിച്ചത്.
2023 ഒക്ടോബര്‍ 22ന് സിയാച്ചിനിലെ ഡ്യൂട്ടി ലൈനില്‍ വെച്ച് അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ മരണപ്പെട്ടിരുന്നു. ലക്ഷ്മണിന്റെ മരണം രാജ്യത്തെ നടക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്തു.
അഗ്നിവീര്‍ പദ്ധതി പ്രകാരം, 17.5 മുതല്‍ 21 വയസ് വരെ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇവര്‍ക്ക് പെന്‍ഷനും മെഡിക്കല്‍ സൗകര്യങ്ങളും ലഭിക്കില്ല. കിട്ടുന്നത് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ‘സേവാ നിധി’ പാക്കേജാണ്. ഇതില്‍ ഓരോ അഗ്‌നിവീറുകള്‍ക്കും ലഭിക്കുന്നത് 11.71 ലക്ഷം രൂപയാണ്.
അഗ്നിവീര്‍ സൈനികര്‍ക്കും സാധാരണ സൈനികര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ വ്യത്യാസവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സാധാരണ സൈനികര്‍ക്ക് ഏകദേശം 2.4 കോടി രൂപയാണ് ശമ്പളം. അഗ്നിവീര്‍ സൈനികര്‍ക്ക് ലഭിക്കുന്നത് 48 ലക്ഷം രൂപയും. എന്നാല്‍ ഇത് ഇന്‍ഷുറന്‍സ് തുകയാണ്. ഇതേ സമയം ഒരു സാധാരണ സൈനികന് ഇന്‍ഷുറന്‍സായി 75 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും.
Content Highlight: Two agnivir were killed during firing practice