| Sunday, 17th January 2021, 4:29 pm

അഫ്​ഗാനിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്​ഗാൻ തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. അഫ്​ഗാൻ സുപ്രീം കോടതിയിൽ ഏകദേശം 200 ലധികം വനിതാ ജഡ്ജിമാർ ജോലി ചെയ്യുന്നുണ്ട്. ഇതിനു മുൻപും അഫ്​ഗാൻ സുപ്രീം കോടതി ലക്ഷ്യമാക്കി ആക്രമങ്ങൾ നടന്നിരുന്നു.

2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസങ്ങളിലായി അഫ്​ഗാനിലെ പ്രശസ്തരായ രാഷ്ട്രീയക്കാരെയും, മാധ്യമ പ്രവർത്തകരെയും, ഡോക്ടർമാരെയും , വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

പത്തൊമ്പത് വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ക്കായുള്ള കരാറില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും ഏർപ്പെട്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചചെയ്യുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി അക്രമ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Two Afghan female judges shot dead in Kabul ambush

We use cookies to give you the best possible experience. Learn more