തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. കേസിലെ പ്രതികളായ ഉമേഷ്, ഉദയ കുമാര്‍ എന്നിവര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.
1,65,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ. സനല്‍ കുമാറാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
കൊലപാതകം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്നീ രണ്ട് കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
”പ്രധാനമായും രണ്ട് വകുപ്പുകള്‍ക്ക് ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഐ.പി.സി 376എ കുറ്റത്തിന് ജീവപര്യന്തത്തോടൊപ്പം ജീവിതാവസാനം വരെ തടവുശിക്ഷയായിരിക്കും എന്ന് കൃത്യമായി വിധിച്ചിട്ടുണ്ട്. അതില്‍ ഇളവുകളൊന്നുമില്ല.
ഐ.പി.സി 302ന് ഒരു ജീവപര്യന്തം കൂടി വിധിച്ചിട്ടുണ്ട്. 328ന് അഞ്ച് വര്‍ഷവും 336ന് അഞ്ച് വര്‍ഷവും 342ന് ആറ് മാസവും 376ന് പത്ത് വര്‍ഷവും 376ഡിക്ക് (കൂട്ട ബലാത്സംഗം) 20 വര്‍ഷവും 302ന് ജീവപര്യന്തവും 201ന് അഞ്ച് വര്‍ഷവും നാര്‍ക്കോട്ടിക് ഡ്രഗ്‌സ് കൈവശം വെച്ചതിന് മൂന്ന് മാസവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്,” പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്‌മോഹന്‍ പറഞ്ഞു.