തൃശ്ശൂര്‍: തൃശ്ശൂര്‍ ജയില്‍ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് രണ്ടു പേര്‍ക്ക് കൂടി മര്‍ദ്ദനമേറ്റതായി പരാതി. മോഷണക്കേസിലെ പ്രതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീര്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്നത്.
ആളൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ പ്രതികള്‍ക്കാണ് ഇപ്പോള്‍ മര്‍ദ്ദനമേറ്റിരിക്കുന്നത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസ് പ്രതിയായ ഷമീര്‍ കൊവിഡ് കേന്ദ്രത്തില്‍ മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തലയ്ക്ക് ക്ഷതമേറ്റെന്നും ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷമീറിന്റെ ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്.
സെപ്തംബര്‍ 29നാണ് പത്ത് കിലോ കഞ്ചാവുമായി തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ഷമീറിനെയും, ഷമീറിന്റെ ഭാര്യയെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടുന്നത്. ഈസ്റ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഷമീറിനെ റിമാന്‍ഡ് ചെയ്ത ശേഷം കൊവിഡ് പരിശോധനാ ഫലം വരുന്നതു വരെ കൊവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് സെന്ററിലേക്ക് മാറ്റിയ ഷമീര്‍ സെപ്തംബര്‍ 30ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ ജയില്‍ ജീവനക്കാര്‍ പിടികൂടി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികളും ഭാര്യയും പറഞ്ഞിരുന്നു.
അന്നേദിവസം തന്നെ ഷമീറിനെ കൊവിഡ് സെന്ററിലേക്ക് കൊണ്ട് വരികയും രാത്രി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ഒക്ടോബര്‍ ഒന്നിനാണ് ഷമീര്‍ മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക