| Tuesday, 23rd May 2017, 4:46 pm

മാഞ്ചസ്റ്ററിലെ സ്‌ഫോടനം മാത്രം കണ്ടാല്‍ പോരാ ജാര്‍ഖണ്ഡിലുള്ളതും മനുഷ്യര്‍ തന്നെയാണ്; മോദിയുടെ ട്വീറ്റില്‍ പ്രതിഷേധാഗ്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍ ചോദ്യങ്ങളുമായി റീട്വിറ്റുകള്‍. ജാര്‍ഖണ്ഡില്‍ കുട്ടിക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ആറുപേരെ മര്‍ദിച്ച് കൊലപ്പെടുത്തിയിട്ടും മോദി പ്രതികരണം രേഖപ്പെടുത്താത് ചൂണ്ടിക്കാട്ടിയാണ് റീട്വീറ്റുകള്‍ വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡില്‍ കുട്ടിക്കടത്ത് ആരോപിച്ച് അക്രമികള്‍ ആറുപേരെ തല്ലിക്കൊലപ്പെടുത്തിയത്. നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ മുഹമ്മദ് നയീം എന്ന യുവാവ് ചോരയില്‍ കുളിച്ച് ജീവന് വേണ്ടി അപേക്ഷിക്കുന്ന ചിത്രം വും പുറത്ത് വന്നിരുന്നു. സംഭവം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും വിഷയത്തില്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി മാഞ്ചസ്റ്ററില്‍ സ്‌ഫോടവനം നടന്നതിന് തൊട്ടു പിന്നാലെ ട്വീറ്റുമായെത്തിയതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ചുള്ള മോദിയുടെ ട്വീറ്റിന് താഴെ ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടതും മനുഷ്യര്‍ തന്നെയാണെന്നാണ് റീ ട്വീറ്റുകള്‍ വന്നിരിക്കുന്നത്. “എന്താണ് ജാര്‍ഖണ്ഡിന്റെ കാര്യ”മെന്ന് ചോദ്യമുയര്‍ന്നു. സ്വന്തം രാജ്യത്ത് അക്രമം നടക്കുമ്പോള്‍ നിശബ്ദരാകുന്നവര്‍ മറ്റിടങ്ങളിലെ സംഭവങ്ങളെ അപലപിക്കുന്നത് നാട്യമാണെന്നാണ് റീ ട്വീറ്റുകളില്‍ കൂടുതലും പറയുന്നത്.

നേരത്തെ ജാര്‍ഖണ്ഡ് സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായിട്ടില്ല. മാഞ്ചസ്റ്ററിലെ അക്രമണത്തെ അപലപിച്ച് മണിക്കൂറുകള്‍ക്കകം മോദി രംഗത്തെത്തുകയും ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു വന്നത്.

We use cookies to give you the best possible experience. Learn more