സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പേരും രൂപവുമെല്ലാം മാറ്റി എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയതിന് പിന്നാലെ ഞെട്ടലും നിരാശയും പ്രകടമാക്കി സോഷ്യല്‍ മീഡിയ. #RIPTwitter എന്ന ഹാഷ് ടാഗ് സഹിതമാണ് പലരും ട്വിറ്ററിന്റെ കിളി ലോഗോക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.
‘മസ്‌ക് ബ്ലൂ ബേഡിനെ കൊന്നു #RIPTwitter ‘ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ട്വിറ്ററിന്റെ കുഴിമാടത്തിനരികില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഉടമ ഇലോണ്‍ മസ്‌കിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. പഴയ ബേഡ് ലോഗോ തിരികെ കൊണ്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
പുതിയ ലോഗോയും പഴയ ബേഡ് ലോഗോയും താരതമ്യപ്പെടുത്തി ഏതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് ഉപയോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന നിരവധി സര്‍വേകളും ട്വിറ്ററില്‍ ഉപയോക്താക്കള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിലെല്ലാം പുതിയ ലോഗോയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
ഇലോണ്‍ മസ്‌കിന്റെ തീരുമാനങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ‘ഇനിയങ്ങോട്ടേക്ക് ജനങ്ങളുടെ അഭിപ്രായത്തിനൊന്നും യാതൊരു വിലയും കാണില്ല. മുകളിലുള്ള ചിലര്‍ തീരുമാനിക്കും, അവര്‍ തന്നെ നടപ്പാക്കും. നമുക്ക് വേണ്ടത് സമൂഹത്താല്‍ നിയന്ത്രിക്കപ്പെടുന്നൊരു ലോകമാണ്. അല്ലാതെ കോര്‍പറേറ്റ് മുതലാളിമാരാല്‍ നയിക്കപ്പെടുന്നൊരു ലോകമല്ല. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകുന്നില്ല. #RIPTwitter ‘ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
അതേസമയം, റീബ്രാന്‍ഡിങിന്റെ ഭാഗമായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ പുനരവതരിപ്പിച്ചത്. കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത നിറത്തില്‍ എഴുതിയ ‘എക്‌സ്’ ആയിരിക്കും ഇനി ട്വിറ്റര്‍ വാളില്‍ തെളിയുക. പ്രഖ്യാപനത്തിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് ചുമരില്‍ രാത്രി ‘എക്‌സ്’ എഴുതികാണിച്ചിരുന്നു.
എക്‌സിലൂടെ ബാങ്കിങ് ഉള്‍പ്പെടെ മറ്റ് സേവനങ്ങളും ലഭ്യമാക്കും. 1990കളിലാണ് ടെസ്‌ല മേധാവി കൂടിയായ മസ്‌കിന് എക്‌സിനോട് ആകര്‍ഷണം തോന്നുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ് സേവന പ്ലാറ്റ്‌ഫോമായ X.com ഡൊമെയ്ന്‍ 2017ല്‍ മസ്‌ക് വാങ്ങുകയുണ്ടായി.
തന്റെ ആദ്യകാല സംരഭമായ എക്‌സിനോട് വൈകാരികമായ ഒരു ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പരമ്പരാഗത ലോഗോയായ നീലക്കിളിയെ മാറ്റി ‘എക്‌സ്’ ലോഗോയാക്കുന്നത്.
ട്വിറ്റര്‍ ഇനി ഒരു സ്വതന്ത്ര സ്ഥാപനമല്ലെന്നും കമ്പനി എക്‌സ് കോര്‍പറേഷനില്‍ ലയിച്ചെന്നും ഈ വര്‍ഷം ഏപ്രിലില്‍ കാലിഫോര്‍ണിയയിലെ ഒരു കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഉടമയായ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റര്‍ Inc. X കോര്‍പറേഷനില്‍ ലയിച്ചു. മാര്‍ച്ച് 15ന് ട്വിറ്ററിനെ എക്‌സ് കോര്‍പറേഷനില്‍ ലയിപ്പിച്ചിരുന്നു.
Content Highlights: twitter x criticized for new logo, #RIPTwitter trending