ന്യുദല്‍ഹി: താന്‍ ഏഴുവര്‍ഷമായി കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന നടന്‍ അക്ഷയ് കുമാറിന്റെ പ്രസ്താവന നുണയാണെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിന്റെ പൗരത്വ വിവാദം ഉയര്‍ന്ന വേളയിലാണ് കാനഡ സന്ദര്‍ശിച്ചിട്ട് ഏഴുവര്‍ഷമായെന്ന് താരം വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത് തെറ്റാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 2014ല്‍ ഗായകന്‍ മിഖ സിങ്ങും വ്യവസായിയും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയും പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സോഷ്യല്‍ മീഡിയ തെളിവ് നിരത്തിയത്.
അക്ഷയ്, രാജ് കുന്ദ്ര, ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കൊപ്പം ടൊറന്റോയില്‍ വിരുന്ന് ആഘോഷിച്ചിരുന്നുവെന്നാണ് മിഖാ സിങ്ങിന്റെ ട്വീറ്റ്. ഓ തനിക്ക് കനേഡിയന്‍ പാസ്പോര്‍ട്ട് ഉണ്ടെന്നും ഇക്കാര്യം താനൊരിടത്തും മറച്ചുവെച്ചിട്ടില്ല. ഇക്കാര്യം വ്യക്തിപരമാണെന്നും മറ്റുള്ളവരെ ബാധിക്കുന്നതല്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞത്.
‘കഴിഞ്ഞ ഏഴു വര്‍ഷമായി ഞാന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ല. ഞാന്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാന്‍ നികുതിയടയ്ക്കുന്നതും ഇവിടെയാണ്. ഇക്കാലയളവിലൊന്നും ഇന്ത്യയോടുള്ള എന്റെ സ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്റെ പൗരത്വ വിഷയം നിരന്തരം വിവാദ വിഷയമാക്കുന്നതില്‍ നിരാശയുണ്ട്. ഈ വിഷയം വ്യക്തിപരവും നിയമപരവും രാഷ്ട്രീയ രഹിതവുമാണ്. മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നുമില്ല.’ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.