ഐ.പി.എല്ലിലെ തുടര്‍ച്ചയായ ആറാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ട്രോളന്‍മാരുടെ ഇരയായിരിക്കുന്നത് നായകന്‍ രോഹിത് ശര്‍മയോ ദില്‍സേ സുനിയോ അല്ല (അവര്‍ ആദ്യ മത്സരം മുതല്‍ എയറിലിലാണ്). ടീമിന്റെ ഉടമയായ മുകേഷ് അംബാനിയെയാണ് ഇത്തവണ ട്രോളന്‍മാര്‍ ആവേശപൂര്‍വം എയറിലാക്കിയിരിക്കുന്നത്.
ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ മുന്നോട്ടുള്ള സാധ്യത ഉറപ്പാക്കാനും മുഖം രക്ഷിക്കാനും മുംബൈയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാവുകയുള്ളായിരുന്നു. പക്ഷേ പ്രതീക്ഷകള്‍ തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ് ഈ മത്സരത്തിലും തോറ്റിരിക്കുകയാണ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും പുതിയ തോല്‍വി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മ സൂപ്പര്‍ ജയന്റ്‌സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
എന്നാല്‍ മുംബൈയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു ലഖ്‌നൗ നടത്തിയത്. നായകന്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി ബലത്തില്‍ എല്‍.എസ്.ജി കെട്ടിപ്പൊക്കിയ 199 എന്ന റണ്‍മല മുംബൈയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ ബാലികേറാ മലയായിരുന്നു.
എന്നത്തേയും പോലെ രോഹിത് ശര്‍മ സമ്പൂര്‍ണപരാജയമായപ്പോള്‍ മുംബൈയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ഫോര്‍മാറ്റ് മറന്ന കളി പുറത്തെടുത്ത് 7 പന്തില്‍ നിന്നും 6 റണ്ണായിരുന്നു താരത്തിന്റെ സമ്പാദ്യം.
ബേബി ഡിവില്ലിയേഴ്‌സ് ആസ് യൂഷ്വല്‍ കത്തിക്കയറിയപ്പോള്‍ ആരാധകര്‍ ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. 13 പന്തില്‍ നിന്നും 31 റണ്ണായിരുന്നു താരം അടിച്ചുകൂട്ടിയത്. സൂര്യകുമാര്‍ യാദവും സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 27 പന്തില്‍ നിന്നും 137.04 സ്‌ട്രൈക്ക് റേറ്റില്‍ 37 റണ്‍സായിരുന്നു യാദവ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
യുവതാരം തിലക് വര്‍മയും തന്റെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ നിന്നും 26 റണ്‍സായിരുന്നു താരം നേടിയത്. ഇവര്‍ക്ക് പുറമെ കെയ്‌റോണ്‍ പൊള്ളാര്‍ഡ് (25) ജയദേവ് ഉനദ്കട് (14) ഇഷാന്‍ കിഷാന്‍ (13) എന്നിവര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്.