തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കാര്‍ റിമൈന്‍ഡര്‍ ലിസ്റ്റിലേക്ക് യോഗ്യത നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ തന്റെ സിനിമ ഓസ്‌കാര്‍ 2023 ആദ്യ പട്ടികയില്‍ ഷോട്ട്‌ലിസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു.
റിമൈന്‍ഡര്‍ ലിസ്റ്റില്‍ ഇടം നേടിയതിന് ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റിന്റെ ആദ്യ പട്ടികയിലേക്ക് ചിത്രം തെരഞ്ഞെടുത്തു എന്ന രീതിയിലായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്. ചില മാധ്യമങ്ങളും ഇക്കാര്യം ഏറ്റ് പിടിക്കുകയും തെറ്റായ കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്കിങ് വിഭാഗം ഇക്കാര്യം തെറ്റാണെന്ന് കണ്ടെത്തിയതിന്റെ ഫലമായി വിവേക് അഗ്നിഹോത്രിയെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു.
‘ഓസ്‌കാര്‍ പട്ടികയിലേക്ക് വിവേക് അഗ്നിഹോത്രി അദ്ദേഹത്തെ തന്നെ നോമിനേറ്റ് ചെയ്തിരിക്കുന്നു’ എന്നാണ് ഒരാളുടെ കമന്റ്. ‘പുതിയ നുണയുമായി രംഗത്ത് വന്നിരിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ വിഡ്ഢിത്തം തുടരുന്നത്?’ അവസാനം പ്രൊപ്പഗാണ്ട വന്‍ പരാജയമായി എന്നും പലരും കുറിച്ചു. ‘ഒരു പ്രൊപ്പഗാണ്ട ചിത്രത്തിനെത്തിന് വേണ്ടി പുതിയ പ്രൊപ്പഗാണ്ടയുമായി എത്തിയിരിക്കുകയാണ്’ തുടങ്ങി നിരവധി ആളുകളാണ് അദ്ദേഹത്തെ ട്രോളി എത്തുന്നത്.
എന്നാല്‍ ദി കശ്മീര്‍ ഫയല്‍സ് സിനിമയേയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് ഇതിനെതിരെ വിവേക് അഗ്നിഹോത്രി പറഞ്ഞത്.
കശ്മീര്‍ ഫയല്‍സ് സിനിമക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കളായ പല്ലവി ജോഷി, മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ മികച്ച നടനുള്ള വിഭാഗത്തില്‍ ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ നടന്‍ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ തെറ്റായ ഇക്കാര്യം ട്വീറ്റ് ചെയ്തു.
റിമൈന്‍ഡര്‍ ലിസ്റ്റില്‍ ഇടം നേടിയ 301 ചിത്രങ്ങളില്‍ ഒന്നുമാത്രമാണ് കശ്മീര്‍ ഫയല്‍സ്. കശ്മീര്‍ ഫയല്‍സിനെ കൂടാതെ കാന്താര, ഗംഗുഭായ് കത്യവാടി, റോക്കട്രി ദി നമ്പി എഫക്ട് തുടങ്ങി നിരവധി ഇന്ത്യന്‍ ചിത്രങ്ങളും ഈ പട്ടികയില്‍ ഉണ്ട്.
content highlight: twitter trolls against vivek agnihothri