മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ 87ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ആശംസകളോടൊപ്പം മന്‍മോഹന്‍സിങിന്റെ ധനനയങ്ങളും നിലവിലെ ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ ഭരണപാളിച്ചയും കൊടുംപിരികൊണ്ട ചര്‍ച്ചയായിരിക്കുകയാണ് ട്വിറ്ററില്‍.
കോണ്‍ഗ്രസ് മന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ് കൊണ്ടുവന്നിരുന്ന ആശയങ്ങളെ പ്രകീര്‍ത്തിച്ചാണ് ട്വീറ്റുകളേറെയും. മന്‍മോഹന്‍സിങിന്റെ ആശയങ്ങളെ വിശദീകരിച്ചുകൊണ്ട് 2012ല്‍ ബി.ബി.സി എഴുതിയ ലേഖനവും ചര്‍ച്ചാവിഷയമാവുന്നുണ്ട്.
സെപ്തംബര്‍ ആദ്യആഴ്ച ദേശീയ മാധ്യമമായ ദ വയര്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെടുത്തി മന്‍മോഹന്‍ സിങുമായി നടത്തിയ അഭിമുഖത്തിലെ വസ്തുതകളും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമെന്നോണം ഉയരുന്നുണ്ട്.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഗുരുതരമായ അവസ്ഥയിലാണെന്നും ഇതിന് കാരണം സര്‍ക്കാരിന്റെ കുടിപ്പക രാഷ്ട്രീയമാണെന്നും അഭിമുഖത്തില്‍ സിങ് വ്യക്തമാക്കുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മനുഷ്യനിര്‍മ്മിതമാണ് എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. എല്ലാ മേഖലയിലേക്കും പടര്‍ന്ന പിടിപ്പുകേടിനും ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണെന്നും അദ്ദേഹം പറയുന്നു.
‘ഇന്നത്തെ സാമ്പത്തികാവസ്ഥ ആഴത്തിലുള്ള പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജി.ഡി.പി വളര്‍ച്ചയിലുണ്ടായ ഇടിവ് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്. വേഗത്തില്‍ വളരാനുള്ള കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് ഇന്ത്യയെ സാമ്പത്തിക പര്തിസന്ധിയിലേക്ക് തള്ളിവിടുന്നത്’, അഭിമുഖത്തില്‍ മന്‍മോഹന്‍സിങ് പറഞ്ഞു.
മന്‍മോഹന്‍സിങിന്റെ ആശയങ്ങളും നയങ്ങളും രാജ്യത്ത് തുടരുകയായിരുന്നെങ്കില്‍ സാമ്പത്തിക രംഗം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തില്ലായിരുന്നു എന്ന ഉള്ളടക്കമാണ് ജന്മദിന ആശംസയ്‌ക്കൊപ്പം ഭൂരിഭാഗം ആളുകളും പങ്കുവക്കുന്നത്.
ഇന്ത്യ ഇനിയൊരിക്കലും അതിവേഗം വളരുന്ന രാജ്യമായി പരിഗണിക്കപ്പെടില്ല, നികത്താനാവാത്ത നഷ്ടമാണ് ഞങ്ങള്‍ക്ക് നിങ്ങളുടേത്’, എന്നാണ് ഒരു ട്വീറ്റ്.
കൂടാതെ, ധനകാര്യമന്ത്രിയെ കാണാനില്ല എന്ന ട്രന്റിങ് ഹാഷ്ടാഗിനൊപ്പമാണ് മന്‍മോഹന്‍സിങിന്റെ നയങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ട്വീറ്റും എന്നതും ശ്രദ്ധേയമാണ്.
ടാക്‌സ് ഓഡിറ്റിനേക്കുറിച്ച് മന്ത്രാലയം പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് ഫിനാന്‍സ് മിനിസ്റ്റര്‍ മിസ്സിങ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റിങ് ആയത്.