| Saturday, 5th March 2022, 9:57 pm

അന്ന് ക്യാപ്റ്റനായിരിക്കെ സച്ചിനോട് ചെയ്തത് തന്നെയല്ലേ ഇന്നും കോച്ചായിരിക്കെ ജഡേജയോടും ചെയ്തത്; ദ്രാവിഡിനെതിരെ വിമര്‍ശന ശരങ്ങളുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നൂറാം മത്സരം എന്ന നിലയില്‍ ഈ മാച്ചിന് പ്രത്യേകതകളേറെയാണ്.

പല ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനത്തിനും ഈ മാച്ച് സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ എടുത്തു പറയേണ്ടത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് തന്നെയാണ്. ജഡേജയുടെ മാസ്മരിക ഇന്നിംഗ്‌സിന്റെ കരുത്തിലാണ് ഇന്ത്യ സിംഹള വീര്യത്തിന് മുമ്പില്‍ റണ്‍മല പടുത്തുയര്‍ത്തിയത്.

കളിയുടെ 130ാം ഓവറില്‍ 8 വിക്കറ്റിന് 574 എന്ന നിലയില്‍ ടീം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തന്റെ കന്നി ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് ജഡേജ അനായാസം നടന്നടുക്കുന്നതിനിടെയായിരുന്നു ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുന്നതായി അറിയിച്ചത്.

ജഡ്ഡുവിന് തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി ‘നഷ്ടമാക്കിയതില്‍’ ആരാധകര്‍ ഒന്നടങ്കം കലിപ്പിലാണ്. ജഡേജ 175ല്‍ നില്‍ക്കുമ്പോള്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ആരാധകരുടെ വാദം.

എന്നാല്‍, ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിന് പിന്നില്‍ കോച്ച് ദ്രാവിഡിന്റെ ‘കറുത്ത കൈകളാ’ണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാദ്യമായല്ല ദ്രാവിഡ് ഒരാളുടെ സ്വപ്‌നതുല്യമായ നേട്ടത്തിന് വിലങ്ങു തടിയാവുന്നതെന്നും ആരാധകര്‍ പറയുന്നു.

2004ല്‍ പാകിസ്ഥാനെതിരെ നടന്ന മുള്‍ട്ടാന്‍ ഇന്നിംഗ്‌സില്‍ ക്യാപറ്റനായിരിക്കെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഡബിള്‍ സെഞ്ച്വറി തട്ടിത്തെറിപ്പിച്ച അതേ മനോഭാവമാണ് ഇപ്പോഴും ദ്രാവിഡിനുള്ളത് എന്നാണ് ആരാധക പക്ഷം.

അന്ന് സച്ചിന്‍ 194ല്‍ നില്‍ക്കവെയായിരുന്നു ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതെങ്കില്‍ ഇന്ന് ജഡേജ 175ല്‍ നില്‍ക്കവെ ആയിരുന്നു എന്നതും, അന്ന് ക്യാപ്റ്റനും ഇന്ന് കോച്ചും ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ എന്നുമാണ് ആരാധകര്‍ പറയുന്നത്.

‘ക്യാപ്റ്റനാവട്ടെ കോച്ച് ആവട്ടെ, ദ്രാവിഡ് ഒരിക്കലും മാറാന്‍ പോകുന്നില്ല’ ‘ഡബിള്‍ സെഞ്ച്വറികളോട് ദ്രാവിഡിന് കാര്യമായ വിരോധമുണ്ട്’ തുടങ്ങിയ ട്വീറ്റുകള്‍ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

അതേസമയം, മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 43 ഓവര്‍ പിന്നിടുമ്പോള്‍ 108ന് 4 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ദിമിത് കരുണരത്‌നെ, ലാഹിരു തിരുമന്നെ, ആഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

മത്സരത്തില്‍ ലീഡ് സ്വന്തമാക്കാന്‍ ശ്രീലങ്കയ്ക്ക് ഇനിയും 466 റണ്‍സ് ആവശ്യമാണ്.

Content Highlight:  Twitter Targets Rahul Dravid As Ravindra Jadeja Is Left Stranded At 175 Not Out In Mohali

We use cookies to give you the best possible experience. Learn more