അവസാന ഓവര്‍ വരെ ആവേശവും സസ്‌പെന്‍സും അലതല്ലിയ മെല്‍ബണ്‍ ടി-20യില്‍ നാല് വിക്കറ്റിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയവും വിലപ്പെട്ട രണ്ട് പോയിന്റും സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ത്രില്ലിങ് മാച്ചുകളില്‍ ഒന്നായിരുന്നു മെല്‍ബണില്‍ അരങ്ങേറിയത്.
മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ഏറെ മിഴിവേകിയത് ഹര്‍ഷ ഭോഗ്ലെയുടെ കമന്ററി കൂടിയായിരുന്നു. 2011 ലോകകപ്പില്‍ രവി ശാസ്ത്രിയുടെ ശബ്ദത്തില്‍ ധോണിയുടെ സിക്‌സര്‍ പകര്‍ന്നുതന്നെ അതേ ആവേശമായിരുന്നു ഭോഗ്ലെയും നല്‍കിയത്.
മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 20ാം ഓവറിലെ കമന്ററി ക്ലിപ്പും പങ്കുവെച്ചിരുന്നു. എന്നാല്‍ കമന്ററി പാനലില്‍ ഉണ്ടായിരുന്ന ഗംഭീറിന്റെ പ്രവര്‍ത്തികളും മുഖഭാവവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്ര, സഞ്ജയ് ബാംഗര്‍, ഗൗതം ഗംഭീര്‍ എന്നിവരാണ് കമന്ററി പാനലില്‍ ഉണ്ടായിരുന്നത്.
അവസാന ഓവറിലെ ആവേശത്തിന്റെ പുറത്ത് ആകാശ് ചോപ്ര നിന്നുകൊണ്ടായിരുന്നു കമന്ററി പറഞ്ഞത്. സഞ്ജയ് ബാംഗറും കമന്ററിയില്‍ പങ്കുചേര്‍ന്നെങ്കിലും ഒരക്ഷരം മിണ്ടാതെ ഇരിക്കുക മാത്രമാണ് ഗംഭീര്‍ ചെയ്തത്.
ഇന്ത്യ വിജയത്തിലേക്ക് സഞ്ചരിച്ച ഓരോ നിമിഷവും ഗംഭീര്‍ കൂടുതല്‍ നിരാശനായാണ് കാണപ്പെട്ടത്. ഒരു ഡെലിവെറിയില്‍ നിന്നും രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പിറന്ന വൈഡില്‍ പോലും ഗംഭീര്‍ ഏറെ നിരാശനായിരുന്നു.
സ്‌കോര്‍ ടൈ ആയതിന്റെ ആവേശത്തില്‍ ആകാശ് ചോപ്രക്ക് ഇരിപ്പുറക്കാതെ വന്നപ്പോള്‍ ഗംഭീര്‍ നിരാശ കൊണ്ട് മുഖം പൊത്തുകയായിരുന്നു.
അവസാന പന്തില്‍ സിംഗിള്‍ നേടി അശ്വിന്‍ ഇന്ത്യയെ വിജയിപ്പിച്ചപ്പോള്‍ കയ്യടിച്ചെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഗംഭീര്‍ ചെയ്തത്.
എന്നാല്‍ ഇതിനുപിന്നാലെ ആരാധകരും ഗംഭീറിനെതിരെ രംഗത്തെത്തി. ഗംഭീറിനോട് ഉറക്കത്തില്‍ നിന്നും ഉണരാനും അസൂയ മറന്ന് ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ഒരുഘട്ടത്തില്‍ തോറ്റു എന്ന് വിശ്വസിച്ചിടത്ത് നിന്നുമാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചുകയറിയത്. വിരാട് കോഹ്‌ലിയുടെ അണ്‍ ബീറ്റണ്‍ പെര്‍ഫോമന്‍സായിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 159 റണ്‍സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കരുത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സിലായിരുന്നു പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
Content Highlight: Twitter surprised at the reaction of Gautam Gambhir after broadcasters release commentary clip from IND vs PAK T20WC