ഇന്ത്യ ഇനി ഒരിക്കലും ലോകകപ്പ് നേടില്ല; അയാള്‍ ഇനി എന്താണ് തെളിയിക്കേണ്ടത്; ബി.സി.സി.ഐക്കെതിരെ ട്വിറ്ററില്‍ ആരാധക രോഷം
Sports News
ഇന്ത്യ ഇനി ഒരിക്കലും ലോകകപ്പ് നേടില്ല; അയാള്‍ ഇനി എന്താണ് തെളിയിക്കേണ്ടത്; ബി.സി.സി.ഐക്കെതിരെ ട്വിറ്ററില്‍ ആരാധക രോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th September 2022, 9:00 pm

 

ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. രോഹിത് നയിക്കുന്ന 15 അംഗ സ്‌ക്വാഡിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലാണ്.

പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതാണ് സ്‌ക്വാഡിലെ പ്രധാന ആകര്‍ഷണം. ട്വന്റി-20 ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമില്‍ തുടരുന്ന റിഷബ് പന്തിനെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പന്തിനൊപ്പം ദിനേഷ് കാര്‍ത്തിക്കാണ് ടീമിലെ മറ്റൊരു കീപ്പര്‍. ഇത് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്. ആ വര്‍ഷം ട്വന്റി-20 ക്രിക്കറ്റില്‍ 40ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്ള താരമാണ് സഞ്ജു.

മികച്ച ബാക്ക്ഫൂട്ട് ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന സഞ്ജുവിന് ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഇന്ത്യ ഒരിക്കലും ലോകകപ്പ് നേടാന്‍ പോകുന്നില്ലെന്നും മോശം പൊളിറ്റിക്‌സ് കാരണമാണ് സഞ്ജുവിനെ പോലുള്ള താരങ്ങള്‍ പുറത്തിരിക്കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്.

സഞ്ജു അയാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്‌തെന്നും ഇനിയെന്താണ് വേണ്ടതെന്നുും ഒരു ആരാധകന്‍ ചോദിക്കുന്നു.

റിഷബ് പന്തിനേക്കാള്‍ എന്തുകൊണ്ടും മികച്ചത് സഞ്ജുവാണെന്നും പന്തിന് ടീമില്‍ പ്രത്യേക പ്രിവിലേജുണ്ടെന്നും പറയുന്നവര്‍ കുറച്ചൊന്നുമല്ല.

സഞ്ജുവായി ഇരിക്കുന്നത് എളുപ്പമല്ലെന്നും ലോകം അംഗീകരിക്കുമ്പോഴും ബി.സി.സി.ഐ മനപൂര്‍വം ഒഴിവാക്കുമെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

Content Highlight: Twitter slams BCCI for exclusion of Sanju Samson