| Monday, 17th October 2022, 8:07 am

ബാഴ്‌സ ആരാധകരായിരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല, എല്ലാ ആഴ്ചയിലും ഈ അപമാനം സഹിക്കണം; എല്‍ ക്ലാസിക്കോയിലെ തോല്‍വിക്ക് പിന്നാലെ ആഞ്ഞടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലാ ലീഗയില്‍ നടന്ന റയല്‍ മാഡ്രിഡ് – ബാഴ്‌സലോണ പോരാട്ടം, എല്‍ ക്ലാസിക്കോയില്‍ റയല്‍ വിജയിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

മത്സരത്തിലുടനീളം പുലര്‍ത്തിയ സമഗ്രാധിപത്യമായിരുന്നു റയലിന് തുണയായത്. പ്രതിരോധനിരയും മധ്യനിരയും മുന്നേറ്റ നിരയും ഒരു യൂണിറ്റ് പോലെ പ്രവര്‍ത്തിച്ചപ്പോള്‍ റയലിന്റെ ചോദ്യങ്ങള്‍ക്ക് ബാഴ്‌സക്ക് മറുപടിയുണ്ടായിരുന്നില്ല.

12ാം മിനിട്ടില്‍ സൂപ്പര്‍ താരം കരീം ബെന്‍സെമയിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് ബാഴ്‌സ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രേ ടെര്‍ സ്റ്റെഗന്‍ തട്ടിയകറ്റിയപ്പോള്‍ ലഭിച്ച റീബൗണ്ട് ബെന്‍സെമ ഒരു പിഴവും കൂടാതെ വലയിലാക്കി.

ഹാഫ് ടൈമിന് പത്ത് മിനിട്ട് മുമ്പ് റയല്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു. ഇത്തവണ ഫെഡ്രിക്കോ വാല്‍വെര്‍ഡേ ബാഴ്‌സ ഗോള്‍കീപ്പറെ മറികടന്നപ്പോള്‍ സാന്റിയാഗോ ബെര്‍ണാബ്യൂ ആവേശത്തിലാറാടി.

കരീം ബെന്‍സെമയുടെ ബൂട്ടില്‍ നിന്നും മറ്റൊരു ബുള്ളറ്റ് ഷോട്ട് ടെര്‍ സ്‌റ്റെഗനെ മറികടന്ന് വലയിലെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

കളിയുടെ 83ാം മിനിട്ടിലാണ് ബാഴ്‌സയുടെ ഏക ഗോള്‍ പിറന്നത്. ബോക്‌സിനുള്ളില്‍ നിന്നും ലെവന്‍ഡോസ്‌കിയുടെ തകര്‍പ്പന്‍ ബാക് ഹീല്‍ പാസില്‍ നിന്നും ഫെറാന്‍ ടോറസായിരുന്നു ബാഴ്‌സക്കായി ഗോള്‍ കണ്ടെത്തിയത്.

മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കേ ബോക്‌സിനുള്ളില്‍ വെച്ച് റോഡ്രിഗോയെ ഫൗള്‍ ചെയ്തതിന് വീണുകിട്ടിയ പെനാല്‍ട്ടിയും റയല്‍ വലയിലാക്കിയതോടെ ഹോം ഗ്രൗണ്ടില്‍, എല്‍ ക്ലാസിക്കോയില്‍ റയല്‍ 3-1ന്റെ വിജയം ആഘോഷിച്ചു.

ലാ ലീഗയില്‍ ബാഴ്‌സയുടെ ആദ്യ തോല്‍വിയാണിത്. ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് വിജയവും ഒന്ന് വീതം സമനിലയും തോല്‍വിയുമായി 22 പോയിന്റോടെ ബാഴ്‌സ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് ജയവും ഒരു സമനിലയുമായി 25 പോയിന്റോടെ പട്ടികയുടെ തലപ്പത്താണ് റയല്‍.

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പിന്നാലെ ഇരുടീമിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോര് കൊഴുപ്പിക്കുകയാണ്. റയല്‍ ആരാധകര്‍ തങ്ങളുടെ ടീമിനെ പൊക്കിയടിച്ചും ബാഴ്‌സ ആരാധകരെ ചൊറിഞ്ഞും ആശ്വാസം കണ്ടെത്തുമ്പോള്‍ കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന ലൈനാണ് കറ്റാലന്‍ പടയുടെ ആരാധകര്‍ക്ക്.

എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും സൂപ്പര്‍ താരങ്ങളുടെ, പ്രത്യേകിച്ച് ലെവന്‍ഡോസ്‌കിയുടെ മോശം ഫോം ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. താന്‍ ബെന്‍സെമയുടെ അത്രയും വളര്‍ന്നെന്ന് ചിന്തിച്ചതിന് ഫുട്‌ബോള്‍ ദൈവങ്ങള്‍ ലെവന്‍ഡോസ്‌കിയെ ശിക്ഷിക്കുകയാണെന്നും ലെവന്‍ഡോസ്‌കി കാരണം ബാഴ്‌സലോണ തോല്‍ക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

ബാഴ്‌സയുടെ ആരാധകനായി ഇരിക്കുക എന്നത് ചില്ലറ പണി അല്ലെന്നും, ഓരോ ആഴ്ചയും ഇത്തരം അപമാനം സഹിക്കേണ്ടി വരുമെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നു.

മാര്‍ച്ച് 23നാണ് ലാ ലീഗയിലെ അടുത്ത എല്‍ ക്ലാസിക്കോ പോരാട്ടം. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ വെച്ചാണ് മത്സരം.

Content Highlight: Twitter slams Barcelona FC after their loss in El Classico

We use cookies to give you the best possible experience. Learn more