| Saturday, 14th May 2022, 3:16 pm

പേരുകേട്ട താരമൊക്കെ തന്നെ, എങ്കിലും പറഞ്ഞ വാക്കിന് ഒരു വില വേണ്ടേ; ചെന്നൈ സൂപ്പര്‍ താരത്തിനെതിരെ ആരാധകരുടെ ദേഷ്യവും ട്രോളും

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ താരം അംബാട്ടി റായിഡു ഒരറിയിപ്പുമില്ലാതെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ചെന്നൈ ആരാധകരില്‍ മാത്രമല്ല, ക്രിക്കറ്റ് ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

”ഇത് എന്റെ അവസാന ഐ.പി.എല്‍ ആയിരിക്കുമെന്ന് നിങ്ങളോട് സന്തോഷപൂര്‍വം അറിയിക്കുകയാണ്. 13 വര്‍ഷം ക്രിക്കറ്റ് കളിക്കാനും 2 മികച്ച ടീമുകളുടെ ഭാഗമാകാനും എനിക്ക് സാധിച്ചു. ഈയവസരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ആത്മാര്‍ത്ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്,’ എന്നായിരുന്നു റായിഡു ട്വീറ്റ് ചെയ്തത്.

എന്നാല്‍ അല്‍പസമയത്തിനകം താരം ട്വീറ്റ് ഡിലീറ്റ് ചെയ്തത് ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി.ഇ.ഒ കാശി വിശ്വനാഥന്‍ താരം വിരമിക്കുന്നില്ല എന്ന് അറിയിക്കുന്നത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കാശി വിശ്വനാഥന്‍ ഇക്കാര്യം പറഞ്ഞത്.

അംബാട്ടി റായിഡു വിരമിക്കില്ലെന്നും അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഇതോടെ ആരാധകര്‍ താരത്തേയും ടീമിനേയും വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. ട്വിറ്ററില്‍ റായിഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ചും തുടര്‍ന്നുള്ള മനം മാറ്റത്തെ കുറിച്ചും ട്രോളുകളുടെ ചാകരയാണ്.

ഇന്ത്യന്‍ ടീമിന്റേയും ഭാഗമായിരുന്ന റായിഡുവിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലം അത്രകണ്ട് മികച്ചതായിരുന്നില്ല.

മുംബൈ ഇന്ത്യന്‍സിനും ചെന്നൈയ്ക്കും വേണ്ടി കളിച്ച താരം ഇരു ടീമുകള്‍ക്ക് വേണ്ടി നാലായിരത്തിലധികം റണ്‍സാണ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇരുടീമിന്റേയും ഒപ്പം അഞ്ച് കിരീടനേട്ടത്തിലും റായിഡു ഭാഗമായിട്ടുണ്ട്.

നിലവില്‍ ഈ സീസണില്‍ ഇതുവരെ 124 സ്ട്രൈക്ക് റേറ്റില്‍ 271 റണ്‍സാണ് റായിഡു സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ 78 റണ്‍സാണ് ഈ സീസണിലെ റായിഡവിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content highlight:  Twitter Slams Ambati Rayudu As The Latter Deletes Tweet Minutes After Announcing IPL Retirement

We use cookies to give you the best possible experience. Learn more