ന്യൂദല്‍ഹി: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതില്‍ ട്വിറ്ററിനും പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വിറ്റര്‍.
അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് തങ്ങള്‍ തടസം സൃഷ്ടിക്കാറില്ല എന്നും എന്നാല്‍ കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
ട്വിറ്ററില്‍ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയുന്നതില്‍ കൃത്രിമത്വം നടക്കുന്നുണ്ടെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയായി ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ട്വിറ്റര്‍ ഒരു ക്രമക്കേടും കാണിക്കുന്നില്ല എന്നും അതേസമയം നയങ്ങള്‍ ലംഘിക്കുന്ന നിരവധി അക്കൗണ്ടുകള്‍ തങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമില്‍ ക്രമക്കേട് നടത്തുന്നതില്‍ ശക്തമായ നടപടിയെടുക്കും. വിദ്വേഷം ജനിപ്പിക്കുന്നതും മറ്റ് സ്പാം കണ്ടന്റുകളും ട്വിറ്റര്‍ തടയുന്നുണ്ട്. നല്ല സര്‍വീസും വിശ്വസനീയമായ അക്കൗണ്ടുകളും ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മാറ്റം വരാമെന്നും കമ്പനി പ്രതിനിധി പറഞ്ഞു.
ഡിസംബര്‍ 27ന് ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിന് എഴുതിയ കത്തിലായിരുന്നു പ്ലാറ്റ്‌ഫോം സംബന്ധിച്ച തന്റെ പരാതികള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിനും ട്വീറ്റുകള്‍ക്കും മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യ എന്ന സങ്കല്‍പത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റര്‍ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നുമാണ് രാഹുല്‍ പറഞ്ഞത്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റര്‍ തന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നതെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിരുന്നു.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളുമായും ഫോളോവേഴ്‌സുമായും താരതമ്യപ്പെടുത്തുന്ന ഡാറ്റ സഹിതമാണ് കത്ത് തയാറാക്കിയിരിക്കുന്നത്.
2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്സ് ഉണ്ടായപ്പോള്‍ പിന്നീടുള്ള മാസങ്ങളില്‍ അത് കുത്തനെ ഇടിഞ്ഞെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2021 ആഗസ്റ്റില്‍ തന്റെ അക്കൗണ്ട് എട്ട് ദിവസത്തേക്ക് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്നും അതേസമയം മറ്റ് നേതാക്കള്‍ക്ക് ഈ സമയങ്ങളില്‍ തങ്ങളുടെ ഫോളേവേഴ്സിന്റെ വര്‍ധനവില്‍ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
‘ട്വിറ്ററില്‍ എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഇടിവുണ്ടായ ഇതേ മാസം തന്നെയാണ് ഞാന്‍ ദല്‍ഹിയിലെ പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അതിജീവനത്തെക്കുറിച്ച പറഞ്ഞത്. ഇതേസമയം തന്നെയാണ് ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്തത്. ഇത് അത്ര യാദൃശ്ചികമല്ല.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കുന്ന എന്റെ ട്വിറ്റര്‍ വീഡിയോ ആണ് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവ് പോസ്റ്റ് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതലാളുകള്‍ കണ്ട വീഡിയോകളിലൊന്ന്,” രാഹുല്‍ കത്തില്‍ പറഞ്ഞു.
Content Highlight: Twitter’s reply to Rahul Gandhi’s letter alleging sharp drop in the number of his followers