|

പരീക്ഷണം നടത്തിയ ട്വിറ്റര്‍ പാടുപെട്ടു; മാറ്റം പിന്‍വലിച്ച് പഴയതിലേക്ക് മടങ്ങാമെന്ന് തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റീട്വീറ്റ് ചെയ്യുന്നതില്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച ട്വിറ്റര്‍ അത് എടുത്തുമാറ്റുന്നു. ഓഗസ്റ്റില്‍ ട്വിറ്റര്‍ കൊണ്ടുവന്ന ക്വോട്ട് ട്വീറ്റ് സംവിധാനമാണ് ട്വിറ്റര്‍ പിന്‍വലിച്ചത്. പുതിയ പരീക്ഷണത്തില്‍ വിജയം കാണാന്‍ സാധിച്ചില്ലെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും പറഞ്ഞ് ട്വിറ്റര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

റീട്വീറ്റ് ഐക്കണൊപ്പം ക്വോട്ട് ട്വീറ്റ് ഓപ്ഷന്‍ കൊണ്ടുവന്നതോടെ ഷെയറിങ്ങ് കുറഞ്ഞതായും ട്വിറ്റര്‍ പറയുന്നു. ഉപയോക്താവ് വായിക്കാതെ ഒരു ലിങ്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് ക്വോട്ട് ട്വീറ്റ് കൊണ്ടുവന്നിരുന്നത്.

ഒരു ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ റീട്വീറ്റ് ചെയ്യുന്ന വ്യക്തി വായിച്ചിട്ടുണ്ടോ എന്ന ചോദ്യം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചോദിച്ചിരുന്നു. ഷെയര്‍ ചെയ്യുന്ന ഉപയോക്താവ് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു ഇത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിച്ചിരുന്നത്.

‘ഒരു ലേഖനം പങ്കിട്ടാല്‍ അതിന് ശേഷം അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ ഒരു കാര്യം പങ്കിടുന്നതിന് മുന്‍പ് നിങ്ങളത് തീര്‍ച്ചയായും വായിച്ചിരിക്കണം,’ ഇതായിരുന്നു പുതിയ മാറ്റം കൊണ്ടു വരുന്ന സമയത്ത് ട്വിറ്റര്‍ പറഞ്ഞിരുന്നത്.

തുടര്‍ച്ചയായി തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്ന സാഹചര്യത്തിലായിരുന്നു ട്വിറ്റര്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ പരീക്ഷണം കൊണ്ട് ഫലം കാണാന്‍ കഴിയാതെ ട്വിറ്റര്‍ പഴയ രീതിയിലേക്കു തന്നെ മടങ്ങാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter removes quote tweet prompt after decrease in sharing