ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് അഥവാ വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കി ട്വിറ്റര്‍. വ്യക്തിഗത അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബ്ലൂ ടിക്ക് ഒഴിവാക്കിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയിട്ടില്ല.
2020 ജൂലൈ 23നാണ് വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും അവസാന ട്വീറ്റ് വന്നിരിക്കുന്നത്. ആക്ടീവ് അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫൈഡ് ബാഡ്ജായ ബ്ലൂ ടിക്ക് നല്‍കുന്നത്.
ആറു മാസത്തിലധികമായി വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഉപരാഷ്ട്രപതി ഉപയോഗിച്ചിട്ടില്ലെന്നും ഇതാണ് ബ്ലൂ ടിക്ക് ഒഴിവാക്കാന്‍ കാരണമെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
നിലവിലെ ട്വിറ്റര്‍ പോളിസി അനുസരിച്ച് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും യാതൊരു അറിയിപ്പുകളും കൂടാതെ വെരിഫൈഡ് ബാഡ്ജ് പിന്‍വലിക്കാന്‍ കഴിയുമെന്നാണ്.
‘ട്വിറ്റര്‍ ഹാന്‍ഡിലിലെ പേര് മാറ്റുന്നത്, ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍, വ്യക്തിഗത സ്ഥിരീകരണത്തിനായുള്ള വിവരങ്ങള്‍ നല്‍കാതിരിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ തന്നെ വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്,’ എന്നാണ് ട്വിറ്റര്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; Twitter Removes Blue Tick From M Venkaiah Naidu’s Personal Handle