വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ദി ന്യൂയോര്‍ക് ടൈംസിന്റെ ബ്ലൂ ടിക് പിന്‍വലിച്ച് ട്വിറ്റര്‍. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ നടപടി. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ അക്കൗണ്ടുകള്‍ വെരിഫിക്കേഷന്‍ ചെയ്യുന്നതിന് ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്ന പുതിയ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ന്യൂ യോര്‍ക് ടൈംസ് അടക്കം പല കമ്പനികളും മസ്‌കിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പണം കൊടുത്ത് വെരിഫിക്കേഷന്‍ ചെയ്യില്ലെന്ന് ന്യൂ യോര്‍ക് ടൈംസ് ഞായാറാഴ്ച്ച അറിയിച്ചിരുന്നു, അതോടൊപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ തുക നല്‍കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 55 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക് അപ്രത്യക്ഷമാവുന്നത്.
അതേസമയം വിഷയത്തില്‍ ന്യൂ യോര്‍ക് ടൈംസിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തി. പെയ്ഡ് സബ്‌സ്‌ക്രിപ്ഷനെ വിമര്‍ശിച്ച ന്യൂ യോര്‍ക് ടൈംസ് ട്വിറ്ററിനെതിരെ മനപൂര്‍വം തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നാണ് മസ്‌ക് പറഞ്ഞത്. കൂടാതെ അവരുടെ പ്രൊപ്പഗാന്‍ഡ ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മസ്‌കിന്റെ ട്വീറ്റിനോട് പ്രതികരിക്കാന്‍ ന്യൂ യോര്‍ക് ടൈംസ് ഇതുവരെ തയ്യാറായിട്ടില്ല.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ട് വന്നിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുന്നതിന് മാസം തോറും പണം നല്‍കണമെന്ന വ്യവസ്ഥ.
ഡിസംബറില്‍ പ്രഖ്യാപനമുണ്ടായതിന് ശേഷം മൂന്ന് വ്യത്യസ്ത കളറുകളാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. ബിസിനസ് സ്ഥാനപനങ്ങള്‍ക്കായി ഗോള്‍ഡ് ടിക്ക്, ഗവണ്‍മെന്റ്് അഫിലിയേറ്റഡ് അക്കൗണ്ടുകള്‍ക്ക് ഗ്രേ ടിക്ക്, വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക് എന്നിങ്ങനെയായിരുന്നു പുതിയ പരിഷ്‌കാരം.
ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് കമ്പനി നേരിട്ടത്. സി.എന്‍.എന്‍, ലോസ് ആഞ്ചലസ് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പിന്നീട് ഗോള്‍ഡ് ടിക് സബ്‌സ്‌ക്രിപ്ഷനിലേക്ക് മാറുകയായിരുന്നു.
അതേസമയം ട്വിറ്ററിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ലെ ബ്രോണ്‍ ജെയിംസ്, അമേരിക്കന്‍ ഗായകന്‍ ഐസ്-ടി എന്നിവരുടെ ബ്ലൂ ടിക് ഇതുവരെ ട്വിറ്റര്‍ പിന്‍വലിച്ചിട്ടില്ലെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ക്യാബിനറ്റ് അംഗങ്ങള്‍ക്കും സൗജന്യ ഗ്രേ ടിക് നല്‍കിയതായി ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Twitter remove new york times blue tick