| Thursday, 5th May 2022, 10:11 am

എന്തോന്നെടേയ് ബാറ്റില്‍ സ്പ്രിംഗോ! 117 മീറ്റര്‍ സിക്‌സറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി റാഷിദിന്റെ ബാറ്റ് പരിശോധന

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിട്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സായ് സുദര്‍ശന്റേയും വൃദ്ധിമാന്‍ സാഹയുടേയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ ടൈറ്റന്‍സ് താരതമ്യേന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 20 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സായിരുന്നു ടൈറ്റന്‍സ് സ്വന്തമാക്കിയത്. 50 പന്തില്‍ നിന്നും പുറത്താവാതെ 65 റണ്‍സായിരുന്നു സായ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ് ശിഖര്‍ ധവാന്റെയും രജപക്‌സയുടെയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ അനായാസം ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. 10 പന്തില്‍ നിന്നും 30 റണ്‍സടിച്ച ലിയാം ലിവിംഗ്‌സറ്റംണിന്റെ വെടിക്കെട്ടും സ്‌കോറിംഗിന് വേഗം കൂട്ടി.

ലിവിംഗ്‌സ്റ്റണിന്റെ ഇന്നിംഗ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. കേവലം 10 പന്തില്‍ 30 റണ്ണടിച്ചായിരുന്നു താരം അക്ഷരാര്‍ത്ഥത്തില്‍ ആറാടിയത്.

മുഹമ്മദ് ഷമിയായിരുന്നു ലിവിംഗ്‌സറ്റണിന്റെ വേട്ടമൃഗം. നാല് സിക്‌സറടക്കമായിരുന്നു 16ാം ഓവറില്‍ താരം ഷമിയെ പഞ്ഞിക്കിട്ടത്.

ഐ.പി.എല്ലിലെ ലോംഗസ്റ്റ് സിക്‌സറുകളിലൊന്നും ആ ഓവറിലായിരുന്നു പിറന്നത്. 117 മീറ്ററായിരുന്നു ലിംവിംഗ്സ്റ്റണ്‍ ഷമിയെ സിക്‌സറിന് തൂക്കിയത്. താരത്തിന്റെ ഷോട്ട് കണ്ട് ഷമിയും കമന്റേറ്റര്‍മാരും എന്തിന് ലിംവിംഗ്‌സ്റ്റണ്‍ പോലും അന്തം വിട്ടിരുന്നു.

ഇൗ സിക്‌സറിന് ശേഷമായിരുന്നു മത്സരത്തിലെ ഏറ്റവും രസകരമായ സംഭവം അരങ്ങേറിയത്. ടൈറ്റന്‍സ് വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ റാഷിദ് ഖാന്‍ ലിവിംഗ്‌സറ്റണിന്റെ ബാറ്റ് തമാശ രൂപത്തില്‍ പരിശോധിക്കുകയായിരുന്നു.

എന്തുതന്നെയായാലും, മത്സരം കഴിഞ്ഞ രണ്ട് ദിവസമായിട്ടും സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. ലിവിംഗ്‌സറ്റണിന്റെ പ്രഹരശേഷിയെ പ്രകീര്‍ത്തിച്ചാണ് എല്ലാവരും പോസ്റ്റ് പങ്കുവെക്കുന്നത്.

ലിവിംഗ്സ്റ്റണ്‍ ഈ മാരക ഫോം തുടരുന്നതും ശിഖര്‍ ധവാന്‍ താളം കണ്ടെത്തിയതും ഏറ്റവുമധികം പേടിപ്പിക്കുന്നത് സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെയുമാണ്.

കഴിഞ്ഞ രണ്ട് മത്സരത്തിലും തോറ്റ റോയല്‍സിന് മൂന്നാമതൊരു തോല്‍വി സ്വപ്‌നത്തില്‍ കൂടി ചിന്തിക്കാനാവില്ല. ആദ്യ മത്സരത്തിലെ അതേ താളം കണ്ടെത്താനാവും രാജസ്ഥാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം.

മാര്‍ച്ച് ഏഴിന് വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് രാജസ്ഥാന്‍ – പഞ്ചാബ് പോരാട്ടം.

Content Highlight: Twitter reacts to Rashid Khan inspecting Liam Livingston’s bat after humongous 117 M six

We use cookies to give you the best possible experience. Learn more