കഴിഞ്ഞ ദിവസമായിരുന്നു ഹോങ്കോങിനെ തകര്‍ത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഏഷ്യന്‍ കപ്പിലേക്ക് ആധികാരികമായി മാര്‍ച്ചുചെയ്തത്. എണ്ണം പറഞ്ഞ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ എതിരാളികളെ തകര്‍ത്തെറിഞ്ഞത്.
മത്സരത്തിന് മുമ്പ് തന്നെ ഏഷ്യന്‍ കപ്പിന് ഇന്ത്യന്‍ ടീം യോഗ്യത നേടിയിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആധികാരികമായിട്ടാണ് ബ്ലൂ ടൈഗേഴ്‌സ് ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിനൊരുങ്ങുന്നത്.
ഗംഭീര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും അഭിനന്ദനമറിയിച്ചിരുന്നു.
‘2023 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനത്തോടെ കപ്പിന് യോഗ്യത നേടിയിരിക്കുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ മികച്ച ടീം സ്പിരിറ്റാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇത്രയും നല്ല പ്രകടനം കാഴ്ചവെക്കാന്‍ ഫുട്‌ബോളിന്റെ മക്കയെക്കാള്‍ മികച്ച സ്ഥലം വേറെയില്ല. ഒപ്പം ആരാധകരുടെ മികച്ച പിന്തുണയുമുണ്ടായിരുന്നു,’ ഗാംഗുലി ട്വീറ്റ് ചെയ്തു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.
ഇന്ത്യന്‍ ടീമിന് അഭിനന്ദനമര്‍പ്പിച്ചതോടെ താരം എയറിലായിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പകരം മറ്റേതോ സുനില്‍ ഛേത്രിയെ ആയിരുന്നു ദാദ ടാഗ് ചെയ്തത്.
ഗാംഗുലി ടാഗ് ചെയ്തത് യഥാര്‍ത്ഥ ഇന്ത്യന്‍ നായകനെയല്ല, തന്നെയാണെന്ന് വെളിപ്പെടുത്തി നേപ്പാളില്‍ നിന്നുള്ള സുനില്‍ ഛേത്രിയുമെത്തിയതോടെ ഗാംഗുലി പിന്നെയും പെട്ടു. ഇതോടെ താരം ട്വീറ്റ് മുക്കുകയും യഥാര്‍ത്ഥ ഛേത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് വീണ്ടും പങ്കുവെക്കുകയുമായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായിരുന്നെങ്കിലും ഗോള്‍ ശരാശരിയില്‍ ഹോങ്കോങ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ അവരെ തോല്‍പിച്ച് വീരോചിതമായാണ് ടീം ഇന്ത്യ ഏഷ്യന്‍ കപ്പിലേക്ക് കുതിച്ചത്.
അന്‍വര്‍ അലി, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ഇഷാന്‍ പണ്ഡിത എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ ഇന്ത്യക്ക് ഒമ്പത് പോയിന്റായി.
കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ ആഷിഖിന്റെ ക്രോസ് ഹോങ്കോങിന്റെ വലയിലെത്തിച്ച് അന്‍വര്‍ അലി ഇന്ത്യക്ക് വേണ്ടി അക്കൗണ്ട് തുറന്നു. ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്.
ജീക്‌സന്റെ ഫ്രീ കിക്ക് ലഭിച്ച സുനില്‍ ഛേത്രി തന്റെ കരുത്തുറ്റ ഷോട്ടിലൂടെ എതിരാളികളുടെ വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ 85ാം മിനിട്ടിലായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. ബ്രാന്‍ഡന്റെ മികച്ച അസിസ്റ്റിലൂടെ മന്‍വീറാണ് ഇന്ത്യയുടെ മൂന്നാം ഗോളും സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് മന്‍വീറിന്റെ ക്രോസില്‍ ഇഷാന്‍ പണ്ഡിതയുടെ ഷോട്ട് ഹോങ്കോങിന്റെ വലയില്‍ വിശ്രമിക്കുകയായിരുന്നു.
കംബോഡിയയെയും അഫ്ഗാനിസ്ഥാനെയും തോല്‍പിച്ച ഇന്ത്യ ഹോങ്കോങിനെയും തോല്‍പിച്ച് ഹാട്രിക് ജയവുമായാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.
Content Highlight: Twitter reacts as Sourav Ganguly tags wrong Sunil Chhetri in congratulatory tweet