| Tuesday, 23rd August 2022, 8:23 am

'ഇവന്‍ ഒക്കെ എന്തിനാണ് ടീമില്‍? കഴിവുള്ള ഒരുപാട് പേര്‍ പുറത്തുള്ളപ്പോള്‍ ഇവനെ ഒക്കെ പുറത്താക്കണം'; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ മൂന്നാം ഏകദിനത്തിലും ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി മികവില്‍ 289 റണ്‍സ് സ്വന്തമാക്കിയിരുന്നു. 290 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 13 റണ്‍സിന് തോല്‍ക്കുകയായിരുന്നു.

ആദ്യ രണ്ട് മത്സരത്തിലും ദയനീയമായി പരാജയപ്പെട്ട് സിംബാബ്‌വെ ഈ മത്സരത്തിലും അങ്ങനെ തോല്‍ക്കുമെന്നായിരുന്നു ആരാധകരടക്കം കരുതിയത്. കഴിഞ്ഞ രണ്ട് ഏകദിനത്തിലും ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 200 റണ്‍സ് പോലും നേടിയില്ല. എന്നാല്‍ ഇത്തവണ സികന്ദര്‍ റാസ സിംബാബ്‌വെയെ കരകയറ്റുകയായിരുന്നു.

95പന്ത് നേരിട്ട് 115 റണ്‍സ് സ്വന്തമാക്കിയ റാസ ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഒന്ന് വിറപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം കഷ്ടിച്ച് തിരിച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മത്സരത്തിലെ തന്റെ മൂന്നാം സെഞ്ച്വറിയാണ് റാസ സ്വന്തമാക്കിയത്.

169 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നിന്നും മത്സരം വഴുതി വീണതില്‍ ഇന്ത്യന്‍ ആരാധകര്‍ ഒട്ടും തൃപ്തരല്ല. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ ട്വിറ്ററില്‍ റോസ്റ്റ് ചെയ്യാനും അവര്‍ മടിച്ചില്ല. 9.3 ഓവറില്‍ 66 റണ്‍സ് വിട്ടുനല്‍കിയ ആവേശ് ഖാനെയാണ് പ്രധാനമായും ആരാധകര്‍ ട്രോളിയത്.

ഇവനെയൊക്കെ കൊണ്ടാണോ ഏഷ്യാ കപ്പിന് പോകുന്നതെന്നും അങ്ങനെയാണെങ്കില്‍ ഗ്രൂപ്പ് സ്റ്റേജ് പോലും കടക്കില്ലെന്നുമാണ് ആരാധകര്‍ ആവേശ് ഖാനെ കുറിച്ച് പറയുന്നത്.

അദ്ദേഹത്തിന് പകരം അര്‍ഷ്ദീപ് സിങ്ങായിരുന്നെങ്കില്‍ ഇങ്ങനെയൊന്നുമായിരിക്കില്ല എന്നും ട്വീറ്റുകളുണ്ട്.

ദീപക് ചഹറിന്റെയും ഷര്‍ദുല്‍ താക്കൂറിന്റെയും ബൗളിങ്ങിനെ പറ്റിയുള്ള ട്രോളുകള്‍ ഒരുപാടുണ്ട്.

രാഹുലിനെ ഒരിക്കലും ക്യാപ്റ്റന്‍സി ഏല്‍പിക്കരുതെന്നാണ് ആരാധകരുടെ വാദം. റാസയുടെ പ്രകടനത്തിനെ പുകഴ്ത്തുന്ന ആരാധകരെ ട്വിറ്ററില്‍ കാണാം.

പരമ്പരക്ക് ആവേശം പകര്‍ന്നതിന് റാസക്ക് നന്ദി പറയുന്ന പോസ്റ്റുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്.

Content Highlight: Twitter reactions against Indian Bowlers performance against Zimbabwe

We use cookies to give you the best possible experience. Learn more