| Tuesday, 11th July 2023, 11:18 pm

'ഇവനെയൊക്കെ എന്തിനാ കളിപ്പിക്കുന്നത്','തീരെ അര്‍ഹനല്ല'; യുവതാരത്തിനെതിരെ ട്വിറ്ററില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ വെച്ചാണ് നടക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബൗളിങ്ങിനയച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് മത്സരത്തിന് മുന്നേയുള്ള റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ടീം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. വെറ്ററന്‍ താരമായ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേത്വേശര്‍ പൂജാരയെ ഒഴിവാക്കികൊണ്ടായിരുന്നു ഇന്ത്യ ടീം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പകരം യശ്വസ്വി ജെയ്സ്വാള്‍ ടീമിലെത്തിയെങ്കിലും ജെയ്സ്വാള്‍ ഓപ്പണിങ്ങിലാണ് കളിക്കുക. പൂജാരയുടെ സ്ഥാനത്ത് ശുഭ്മന്‍ ഗില്ലാണ് ബാറ്റ് വീശുക.

ഓപ്പണിങ്ങിലേക്ക് എത്തിയ ജെയ്സ്വാളിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ നറുക്ക് വീണ ഇഷാന്‍ കിഷനിന്റെയും ആദ്യ ടെസ്റ്റ് മത്സരത്തിനാണ് കാണികള്‍ സാക്ഷിയാകുന്നത്. ഡബ്ല്യു.ടി.സി. ഫൈനലില്‍ മോശം പ്രകടനം കാഴ്ചവെച്ച കെ.എസ്. ഭരത്തിന് പകരമാണ് കിഷന്‍ ടീമിലെത്തിയത്. ടീമിലെ പ്രധാന കീപ്പര്‍മാരായ റിഷബ് പന്തിനും കെ.എല്‍. രാഹുലിനും പരിക്കേറ്റത് കിഷന്റെ സാധ്യത് വര്‍ധിപ്പിച്ചു.

എന്നാല്‍ കിഷനെ ടീമിലുള്‍പ്പെടുത്തിയതിനെതിരെ ഒരുപാട് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. കിഷനേക്കാള്‍ എന്തുകൊണ്ടും ഭേദം ഭരത്താണെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. സര്‍ഫറാസിനെ പോലെയുള്ള ഒട്ടനവധി കഴിവുഴള്ളവരെ തഴഞ്ഞാണ് കിഷന്റെ വരവെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നും ആരാധകര്‍ വാദിക്കുന്നു. കിഷന്‍ ടെസ്റ്റ് ക്രിക്കറ്റിന് യോഗ്യനല്ല എന്ന് വാദിക്കുന്നവരുമുണ്ട്.

‘കുടിച്ചുകൊണ്ടിരുന്ന കാപ്പി വരെ കിഷനെ ടീമില്‍ കണ്ടപ്പോള്‍ തുപ്പിപോയി’ ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. നായകന്‍ രോഹിത് ശര്‍മയുടെ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ ആയോണ്ടാണ് കിഷന് അവസരം ലഭിച്ചത് എന്നും പറയുന്നവരെ ട്വിറ്ററില്‍ കാണാം.

വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഐ.പി.എല്ലിലും ശരാശരി പ്രകടനം മാത്രമാണ് കിഷന്‍ കഴിഞ്ഞ കുറച്ചുനാളായി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പന്തിന്റെ അഭാവവും ഭരത്തിന് തിളങ്ങാന്‍ സാധിക്കാത്തതും കിഷന് വഴി തെളിക്കുകയായിരുന്നു. മറ്റൊരു അരങ്ങേറ്റക്കാരനായ ജെയ്‌സ്വാളിനെ ആരാധകര്‍ വാനോളം പുകഴ്ത്താനും മറന്നിട്ടില്ല. അദ്ദേഹം ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വാദം.

അതേസമയം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നിലവില്‍ 46 ഓവര്‍ പിന്നിട്ടപ്പോള്‍ 105 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യക്കായി അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ താക്കൂര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Twitter Reaction to Ishan Kishan’s  inclusion in team

We use cookies to give you the best possible experience. Learn more