|

അവന്‍ ഇല്ലാതെ ലോകകപ്പ് ആലോചിക്കാന്‍ വയ്യാ, രക്ഷിക്കും എന്ന് കരുതിയവനല്ലെ ആ പോകുന്നത്; സൂപ്പര്‍താരം പുറത്തായതിന് ശേഷം ആരാധകരുടെ ട്രോളുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമിനെ തേടി നിര്‍ഭാഗ്യകരമായ വാര്‍ത്ത വന്നത്.

പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുന്നോടിയായി പ്രാക്ടീസ് ചെയ്യവെയായിരുന്നു ബുംറക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടത്.

ഇതോടെ ആദ്യ ടി-20യില്‍ നിന്നും താരം പുറത്താവുകയായിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.

ഏഷ്യാ കപ്പിലും ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് തന്നെയായിരുന്നു ബുംറക്ക് വെല്ലുവിളിയായത്. ബുംറയില്ലാത്തതിന്റെ തിരിച്ചടി ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു.

ഏഷ്യാ കപ്പിന് ശേഷം രണ്ടേ രണ്ട് മത്സരമാണ് ബുംറക്ക് കളിക്കാന്‍ സാധിച്ചത്. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ രണ്ട്, മൂന്ന് ഇന്നിങ്സുകള്‍ മാത്രമാണ് ബുംറ കളിച്ചത്.

ബുംറ പരിക്കേറ്റ് പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടി തന്നെയാണ്. ലോകകപ്പില്‍ താരത്തിന് പകരക്കാരനായി ആരെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക എന്നാണ് ഇനി നോക്കേണ്ടത്.

ബുംറക്ക് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരുപാട് വേദന സൃഷ്ടിച്ചിട്ടുണ്ട്. ട്രോളുകളും മീമുകളിലൂടെയും അവര്‍ അവരുടെ വികാരം പുറത്തു കാണിക്കുന്നുണ്ട്. ജഡേജയും ബുംറയുമില്ലാതെ ഇന്ത്യ ലോകകപ്പിന് ഇറങ്ങിയിട്ട് എന്ത് കാണിക്കാനാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്തിനാണ് വീണ്ടും വീണ്ടും പരിക്കുകള്‍ ഇന്ത്യക്ക് പണി കൊടുക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. പേസര്‍മാരായ ബുംറയും ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറും ലോകകപ്പിന് ആശുപത്രിയിലായിരിക്കുമെന്നും ആരാധകന്‍ മീം പങ്കുവെക്കുന്നുണ്ട്.

എന്തായാലും ലോകകപ്പിന് ഇന്ത്യന്‍ ടീമിന് ഏഷ്യാ കപ്പിന്റെ വിധി വരരുതെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.

Content Highlight: Twitter Reaction after Bumrah Gets Injured