ന്യൂദല്‍ഹി: ട്വിറ്ററിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രം. കമ്പനിയുടെ ജീവനക്കാര്‍ക്കു മേല്‍ അറസ്റ്റ് ഭീഷണി മുഴക്കിയാണ് കേന്ദ്രം മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇതോടെ ജനുവരി 31ന് ബ്ലോക്ക് ചെയ്ത 257 ട്വിറ്റര്‍ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കമ്പനി വീണ്ടും കേന്ദ്രത്തെ സമീപിച്ചു.
ഐ.ടി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കമ്പനി 257 അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ വിലക്ക് നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തിയത്.
മോദി കര്‍ഷകരുടെ വംശഹത്യയ്ക്ക് പദ്ധതിയിടുന്നു എന്ന ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ക്കായിരുന്നു കേന്ദ്രത്തിന്റെ ആവശ്യപ്രകാരം വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഐ.ടി ആക്ട് 69എ(3), പ്രകാരം സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുന്നില്ല എന്നാരോപിച്ച് കേന്ദ്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് പരമാവധി 7 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കും. ഈ സാഹചര്യത്തിലാണ് കമ്പനി വീണ്ടും രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
ഐ.ടി മന്ത്രാലയം ഉന്നയിക്കുന്ന സംശയങ്ങളില്‍ ചര്‍ച്ച ആരംഭിച്ചുവെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. ”ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ്. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തിയത്,” ട്വിറ്റര്‍ വക്താവ് പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഓരോ റിപ്പോര്‍ട്ടുകളും പെട്ടെന്ന് തന്നെ പരിശോധിക്കുകയും തങ്ങളുടെ അടിസ്ഥാനമൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടെന്ന് ട്വിറ്റര്‍ പറഞ്ഞു.
ആരോഗ്യകരമായ അന്തരീക്ഷത്തിന് തുറന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കണമെന്നും ട്വിറ്റര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളായിരുന്നു ട്വിറ്റര് മരവിപ്പിച്ചിരുന്നത്.
നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നായിരുന്നു അക്കൗണ്ട് തുറക്കുമ്പോള്‍ കാണിച്ചിരുന്നത്.
അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ആയിരിത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Twitter reaches out govt for account block