| Wednesday, 25th October 2017, 12:23 pm

വാഷിങ്ടണിലെ വെള്ളക്കെട്ടിലൂടെ ശിവരാജ് സിങ്ങിനെ എടുത്തുകൊണ്ടുപോകുന്ന എഫ്.ബി.ഐ ഏജന്റുമാര്‍: യു.എസിനേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പ്രസ്താവനയെ ട്രോളി സൈബര്‍ ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസിലെ റോഡിനേക്കാള്‍ മികച്ചത് തന്റെ സംസ്ഥാനമായ മധ്യപ്രദേശിലെ റോഡുകളാണെന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

വാഷിങ്ടണില്‍ നടന്ന ഇന്ത്യ യു.സെ് സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറം മീറ്റിങ്ങിന് പിന്നാലെയായിരുന്നു യു.എസിലെ റോഡുകളേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളാണെന്ന ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന.

“വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രതുടങ്ങിയതിന് പിന്നാലെയാണ് അവിടുത്തെ റോഡുകളേക്കാള്‍ എത്ര മികച്ചതാണ് മധ്യപ്രദേശ് റോഡുകള്‍എന്ന് എനിക്ക് മനസിലായത്. –
എന്നായിരുന്നു ചൗഹാന്റെ വാക്കുകള്‍.

6.58 മില്യണ്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളമേറിയതുമായ റോഡ് നെറ്റ് വര്‍ക്കായ യു.സിലെ റോഡുകളെകുറിച്ചായിരുന്നു ചൗഹാന്റെ ഈ പ്രസ്താവന. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒരു സംസ്ഥാനത്തിനും വികസിക്കാന്‍ കഴിയില്ലെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയായിരുന്ന ചൗഹാനെ ട്രോളിക്കൊണ്ടുള്ള ചിത്രങ്ങളും കമന്റുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 2016 ആഗസ്റ്റില്‍ മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ചൗഹാനെ ഷൂ നനയാതിരിക്കാനായി സെക്യൂരിറ്റി ജീവനക്കാര്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു ചിലര്‍ ട്രോളിയത്.

വാഷിങ്ടണ്‍ ഡിസിയിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന റോഡില്‍ നിന്നും ശിവരാജ് സിങ് ചൗഹാനെ എടുത്ത് നടക്കുന്ന എഫ്.ബി.ഐ ഏജന്റുമാര്‍ എന്ന് പറഞ്ഞായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്.

ഇതിന് പുറമെ മധ്യപ്രദേശിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഇത് യു.എസിലെ റോഡിന്റെ ചിത്രമാണെന്നും യു.എസുകാര്‍ മധ്യപ്രദേശ് റോഡിനെ കണ്ടുപഠിക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു മറ്റൊരാളുടെ പരിഹാസം.

ഭോപ്പാലിലെ ദീനദയാല്‍ ചൗക്കിന്റെ ആകാശക്കാഴ്ചയെന്ന് പറഞ്ഞ് യു.എസിലെ ജോര്‍ജിയയിലെ റോഡിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മറ്റൊരാള്‍ ചൗഹാനെ കളിയാക്കിയത്. വാഷിങ്ടണ്ണിലെ പ്രധാന നഗരം എന്നുപറഞ്ഞുകൊണ്ട് മധ്യപ്രദേശിലെ റോഡിലൂടെ കന്നുകാലികള്‍ മേയുന്ന ചിത്രവും ഷെയര്‍ ചെയ്യുന്നു.

ഇന്‍ഡോര്‍-ഭോപ്പാല്‍ അണ്ടര്‍ഗ്രൗണ്ട് ഹൈവെ എന്ന് പറഞ്ഞ് യു.എസിലെ അറ്റ്‌ലാന്റയിലെ ടോം മോര്‍ലാന്റ് ഇന്റര്‍ചേഞ്ചിന്റെ ചിത്രവുംചിലര്‍ ചെയ്ത് ചൗഹാനെ ട്രോളുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more