| Sunday, 25th April 2021, 3:04 pm

ട്വീറ്റുകള്‍ നീക്കം ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്രം; വിമര്‍ശിച്ചതുകൊണ്ടല്ല, വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതുകൊണ്ടെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ട്വീറ്റുകള്‍ നീക്കം ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് നടപടിയെടുത്തതെന്നും അല്ലാതെ സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടത്തിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്‍.ഡി.ടിവിയോട് പറഞ്ഞത്.

കോണ്‍ഗ്രസ് ലോക്സഭാ എം.പി രേവന്ത് റെഡ്ഡി, ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര പ്രവര്‍ത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റര്‍ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന് ട്വീറ്റുകള്‍ എടുത്തുമാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വീറ്റുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം, കൊവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍.

അതേസമയം, രാജ്യത്ത് പുതുതായി മൂന്നര ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഉണ്ടായത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തിയുണ്ടായത്.

Content Highlights: Twitter Move Not For Criticism, But Fake Covid News”: Government Sources

Latest Stories

We use cookies to give you the best possible experience. Learn more