ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കാരവാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളുടെ വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍. 250ല്‍ അധികം അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നത്.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (#ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷ പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്.
വ്യാജവും ഭീഷണിപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകളാണ് എന്ന് ആരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നായിരുന്നു അക്കൗണ്ട് തുറക്കുമ്പോള്‍ കാണിച്ചിരുന്നത്.
Our account has been restored. Today more than ever, it is clear that true media needs true allies like you. Your support keeps The Caravan independent of any outside interests.
അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വിനോദ് കെ ജോസ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ദ വയറിന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക