| Wednesday, 16th June 2021, 11:00 am

മുസ്‌ലിം വയോധികനെ ആക്രമിച്ചതില്‍ പ്രതികരിച്ചവരുടെ വായടപ്പിക്കാന്‍ യോഗി സര്‍ക്കാര്‍; മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്വിറ്ററിനും കോണ്‍ഗ്രസിനുമെതിരെ എഫ്.ഐ.ആര്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗാസിയാബാദില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികനെ ആക്രമിച്ച ആരോപണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെയും ട്വിറ്ററിനതിരെയും കേസെടുത്ത് യു.പി. പൊലീസ്. സംഭവത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയാണ് വര്‍ഗീയ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസെടുത്തിരിക്കുന്നത്.

ഗാസിയബാദ് സ്വദേശിയായ അബ്ദുള്‍ സമദ് എന്നയാള്‍ക്കെതിരെയാണ് ജൂണ്‍ ആദ്യവാരത്തില്‍ ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

സംഭവത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകരായ റാണ അയൂബ്, സബാ നഖ്‌വി, മുഹമ്മദ് സുബൈര്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ദ വയര്‍, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, ഷമ മുഹമ്മദ്, മസ്‌കൂര്‍ ഉസ്മാനി തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിരിക്കുന്നത്.

വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കി പ്രകോപനമുണ്ടാക്കും വിധം ട്വീറ്റുകള്‍ ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

എഫ്.ഐ.ആറില്‍ ട്വിറ്ററിനെതിരെയും വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പൊലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായി മാറിയിരിക്കുകയാണ് ഗാസിയബാദ് സംഭവം. സമൂഹ മാധ്യമങ്ങളില്‍ യൂസര്‍മാര്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ആ മാധ്യമത്തിനും ഉത്തരവാദിത്തമുണ്ടെന്ന ഇതിലെ നിയമമാണ് ട്വിറ്ററിന് വിനയാവുക.

ഗാസിയബാദ് സംഭവത്തിന്റെ വീഡിയോയും വാര്‍ത്തകളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നതിന്റെയും താടി കത്രിക കൊണ്ട് മുറിച്ചു കളയുന്നതിന്റെയും ജയ് ശ്രീറാം വിളിക്കാനായി നിര്‍ബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇയാള്‍ പാകിസ്ഥാന്‍ ചാരനാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു.

‘ഞാന്‍ നടന്നുവരികയായിരുന്നു. അപ്പോള്‍ എനിക്ക് ചിലര്‍ ലിഫ്റ്റ് തന്നു. രണ്ടു പേര്‍ കൂടി എന്നെ കയറ്റിയ ഓട്ടോറിക്ഷയിലേക്ക് കയറി. എന്നിട്ടവരെന്നെ ഒരു മുറിയില്‍ കൊണ്ടു വന്ന് പൂട്ടിയിട്ടു. അവരെന്നെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അവരെന്റെ മൊബൈല്‍ എടുത്തുകൊണ്ടു പോയി. എന്നിട്ട് അവര്‍ ഒരു കത്രികയെടുത്ത് എന്റെ താടി മുറിച്ചു,’ സമദ് പറഞ്ഞു.

മറ്റു മുസ്‌ലിങ്ങളെയൊക്കെ ആക്രമിക്കുന്ന ചിത്രവും അവര്‍ തനിക്ക് കാണിച്ചു തന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പര്‍വേഷ് ഗുജ്ജര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

അതേസമയം മതത്തിന്റെ പേരിലുള്ള ആക്രമണമല്ല ഇതെന്നാണ് പൊലീസിന്റെ ഭാഷ്യം. എഫ്.ഐ.ആറും ഈ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മുസ്‌ലിങ്ങളും ഹിന്ദുക്കളുമടങ്ങുന്ന ആറ് പുരുഷന്മാര്‍ ചേര്‍ന്നാണ് വൃദ്ധനെ ആക്രമിച്ചതെന്നും അദ്ദേഹം വിറ്റ ജപമാല അവര്‍ക്ക് ഫലപ്രദമായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആക്രമണം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Twitter, Journalists, Congress Leaders Named In UP Police Case For Ghaziabad Attack Posts

We use cookies to give you the best possible experience. Learn more