| Friday, 6th November 2020, 3:07 pm

'ട്വിറ്റര്‍ ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍'; തന്റെ ട്വീറ്റ് തുടര്‍ച്ചയായി നീക്കം ചെയ്ത ട്വിറ്ററിനെതിരെ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്വിറ്ററിനെതിരെ പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താനിടുന്ന ട്വീറ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്ത് ട്വിറ്ററിന്റെ നടപടിക്കെതിരെയായിരുന്നു ട്രംപ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ സമ്മാനമായി നല്‍കിയ നിയമനിര്‍മ്മാണത്തിലൂടെയാണ് ട്വിറ്റിന് ഇത് സാധ്യമാകുന്നതെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

‘Twitter is out of control, made possible through the government gift of Section 230!’ എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

വ്യാജ പ്രചരണങ്ങളാണ് എന്ന് കാണിച്ചാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റുകള്‍ തുടര്‍ച്ചായി നീക്കം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി ഉള്‍പ്പെടെ അടിസ്ഥാന രഹിതമായ ചില പ്രചരണങ്ങളും ട്വിറ്റര്‍ വഴി ട്രംപ് നടത്തിയിരുന്നു.

സെക്ഷന്‍ 230 പ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റു ചെയ്യുന്ന കണ്ടന്റുകള്‍ നിയമവിരുദ്ധമോ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതോ ആയവയാണെങ്കില്‍ അവ നീക്കം ചെയ്യാനുള്ള അനുമതി അതാത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉണ്ടായിരിക്കും.

ഇതിനൊപ്പം തന്നെ ടെലികോം നിയമത്തിന്റെ ഭാഗമായ 1996 ലെ കമ്മ്യൂണിക്കേഷന്‍ ഡെസെന്‍സി ആക്ട് സെക്ഷന്‍ 230, ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നിയമപരമായ സുരക്ഷിതവും പ്രധാനം ചെയ്യുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം ട്രംപിന്റെ നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. അടുത്തിടെ മിനുട്ടുകളുടെ വ്യത്യാസത്തില്‍ ട്രംപിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കുകയായിരുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പറഞ്ഞ് ട്രംപ് ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഉടന്‍ തന്നെ ഈ ട്വീറ്റ് ട്വിറ്റര്‍ പിന്‍വലിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ പുരോഗമിക്കവേ ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയുടെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളും നീക്കം ചെയ്തിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ട്രംപിന്റെ വാദങ്ങളാണ് അമേരിക്കയിലെ പ്രധാന മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കിയത്.

വ്യാജ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നും ഇത്, തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങളുടെ നടപടി. എം.എസ്.ബി.എന്‍.സി, എന്‍.ബി.സി, സി.ബി.സി.എ, എ.ബി.സി ന്യൂസ് എന്നീ ചാനലുകളാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എം.എസ്.എന്‍.ബി.സി പരാമര്‍ശം നീക്കുകയായിരുന്നു.

സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

” അവര്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ വിജയിക്കും”, എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter is out of control, made possible through the government gift of Section 230! Trump

We use cookies to give you the best possible experience. Learn more