'ഈ കളിക്ക് ഞാനില്ല, എല്ലാരും തീവ്രവാദികളാ..!'; സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തന്നെ വിലക്കിയ ട്വിറ്ററില്‍ മുഴുവന്‍ മോദിവിരുദ്ധരും ദേശവിരുദ്ധരും നക്‌സലുകളുമെന്ന് അഭിജീത്ത്
India
'ഈ കളിക്ക് ഞാനില്ല, എല്ലാരും തീവ്രവാദികളാ..!'; സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തന്നെ വിലക്കിയ ട്വിറ്ററില്‍ മുഴുവന്‍ മോദിവിരുദ്ധരും ദേശവിരുദ്ധരും നക്‌സലുകളുമെന്ന് അഭിജീത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2017, 6:08 pm

മുംബൈ: ട്വിറ്റര്‍ മോദി വിരുദ്ധവും ദേശ വിരുദ്ധവുമാണെന്ന് ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യ. തന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിനു പിന്നാലെയാണ് പ്രതികരണവുമായി അഭിജീത്ത് രംഗത്തെത്തിയത്.

തന്റെ അക്കൗണ്ട് ബാന്‍ ചെയ്ത സംഭവത്തെ രാജ്യത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നതായാണ് ഗായകന്‍ വിശേഷിപ്പിക്കുന്നത്. ” മെ കോയി ഐസ”, ” സുനോ നാ” തുടങ്ങിയ ഗാനങ്ങളിലൂടെ ബോളിവുഡില്‍ പ്രശസ്തനാണ് അഭിജീത്ത്.

താരത്തിന്റെ, ജെ.എന്‍.യു സമരനേതാവ് ഷെഹ്‌ല റാഷിദിനെതിരായ സ്ത്രീവിരുദ്ധ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗായകന്റെ അക്കൗണ്ട് ബാന്‍ ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്.


Also Read: ‘അരുന്ധതി റോയിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍’; ട്വീറ്റ് ഡിലീറ്റ് ചെയ്ത് തലയൂരി പരേഷ് റാവല്‍ 


ട്വിറ്ററിന്റെ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അഭിജീത്തിന്റെ പ്രതികരണം.” ട്വിറ്റര്‍ രാജ്യവിരുദ്ധരുടേയും ഇന്ത്യന്‍ സൈന്യ വിരോധികളുടേയും മോദി വിരുദ്ധരുടേയും ഹിന്ദു വിരുദ്ധരുടേയും തീവ്രവാദികളുടേയും ഇടമാണ്. എല്ലാവരും നക്‌സലുകളാണ്. ശക്തമായ ശിക്ഷ നല്‍കണം. ഇത് ജിഹാദി ട്വിറ്ററാണ്.” എന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

ഗായകര്‍ രാജ്യത്തിന്റെ ശബ്ദമാണെന്നും അതിനെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ, അരുന്ധതി റോയിക്കെതിരായ പരേഷ് റാവലിന്റെ പ്രസ്താവനയേയും പിന്തുണച്ച് അഭിജീത്ത് രംഗത്തെത്തിയിരുന്നു.

മെയ് 22ന് ജെ.എന്‍.യു വിദ്യാര്‍ഥി ഷെഹ്ല റാഷിദ് ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്ന തരത്തില്‍ അഭിജീത്ത് ട്വീറ്റു ചെയ്തിരുന്നു. ഇതോടെ ചില നെറ്റിസണ്‍സ് ട്വിറ്ററില്‍ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്പെന്റ് ചെയ്തത്.


Don”t Miss: ‘ശത്രുക്കള്‍ക്ക് ഭാവി തലമുറ ഓര്‍ക്കുന്ന മറുപടി നല്‍കും’; ഇന്ത്യക്ക് പരോക്ഷ മുന്നറിയിപ്പുമായി പാകിസ്ഥാന്‍


ഗുജറാത്ത് മുതല്‍ ബംഗാള്‍, മധ്യപ്രദേശ് ഇവിടങ്ങളിലെല്ലാം ബി.ജെ.പി നേതാക്കള്‍ സെക്‌സ് റാക്കറ്റും കുട്ടിക്കടത്തും ഐ. എസിനുവേണ്ടി ചാരപ്പണിയും നടത്തുന്നുവെന്നായിരുന്നു ഷെഹ്ലയുടെ ട്വീറ്റിനു മറുപടിയെന്നോണമാണ് അഭിജീത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ട്വീറ്റു ചെയ്തത്.

“രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ തന്നെ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല എന്ന കിവംദന്തി കേള്‍ക്കുന്നു”. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.