| Sunday, 7th February 2021, 1:17 pm

വിവാദങ്ങള്‍ക്കൊടുവില്‍ ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി മേധാവി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി മഹിമ കൗള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മഹിമ പറഞ്ഞത്.

ജനുവരി ആദ്യവാരം തന്നെ മഹിമ രാജിക്കത്ത് നല്‍കിയെന്നും ചുമതലകള്‍ മറ്റൊരാളെ എല്‍പ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം വരെ അവര്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി മേധാവിയായി തുടരുമെന്നുമാണ് സൂചനകള്‍.

” ഈ വര്‍ഷം തുടക്കം തന്നെ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും ചുമതലകളില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം അവര്‍ അറിയിച്ചിരുന്നു. ഇത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ നഷ്ടമാണ്. അഞ്ച് വര്‍ഷമായി അവര്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്നു. ഇപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മഹിമക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നിരിക്കുകയാണ്,” ട്വിറ്റര്‍ ഗ്ലോബല്‍ പോളിസി ഹെഡ് മോണിക്ക മീഷെ പറഞ്ഞു.

കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 250 ഓള് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത ട്വിറ്ററിന്റെ നടപടികള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.

മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്.

വ്യാജവും ഭീഷണിപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകളാണ് എന്ന് ആരോപിച്ചാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നായിരുന്നു അക്കൗണ്ട് തുറക്കുമ്പോള്‍ കാണിച്ചിരുന്നത്.

ജനുവരിയില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ട്വിറ്റര്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ് ബ്ലോക്ക് ചെയ്തതിന് കേന്ദ്രത്തിന്റെ താക്കീതും ലഭിച്ചിരുന്നു. ട്വിറ്ററുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോഴാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ പോളിസി മേധാവിയുടെ രാജിയും വരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Twitter India Public Policy Head Resigns

We use cookies to give you the best possible experience. Learn more