ന്യൂദല്‍ഹി: 2018 ജനുവരി ഒന്നിന് പുനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്ന പ്രമുഖ ചിന്തകനും അക്കാദമീഷ്യനുമായ ആനന്ദ് തെല്‍തുംദെയ്ക്ക് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയ്ന്‍. ഇന്ന് രാത്രി ഒന്‍പതു മണി മുതല്‍ രാത്രി പതിനൊന്നും മണി വരെയാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയ്ന്‍ നടക്കുക.
ആനന്ദിനെതിരെ തീവ്രവലതു പക്ഷം നയിക്കുന്ന ജാതീയമായ അക്രമം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു കൊണ്ടാണ് ക്യാമ്പയ്ന്‍ നടത്തുന്നത്. സ്റ്റാന്‍ഡ് വിത് ആനന്ദ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഈ ഹാഷ്ടാഗ് ക്യാമ്പയ്‌നില്‍ പങ്കെടുക്കാം.
നേരത്തെ ആനന്ദ് സിഗ്നേച്ചര്‍ ക്യാമ്പയ്ന്‍ നടത്തി തന്റെ പേരിലുള്ള കേസ് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. സമാന ആവശ്യവുമായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെ അദ്ദേഹം പൊതു ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു.
കാഞ്ച ഐലയ്യ, അരുന്ധതി റോയ് തുടങ്ങി സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ആനന്ദിനെതിരെയുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തെല്‍തുംദെയ്‌ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചാതണെന്ന് ആരോപിച്ച് അംബേദ്കര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2018 ഓഗസ്തില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
ജനുവരി ഒന്നിന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുള്ളണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. തെല്‍തുദെയുടെയും സ്റ്റാന്‍ സ്വാമിയുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിരോധിത സംഘടനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.