അയാള് സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്ററായിരുന്നു അവിടുന്നും പിടിച്ചുപുറത്താക്കി; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ
national news
അയാള് സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്ററായിരുന്നു അവിടുന്നും പിടിച്ചുപുറത്താക്കി; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th August 2021, 5:37 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി. ബി.ജെ.പി എം.പി തേജസ്വി സൂര്യയാണ് രാഹുലിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍ ട്വിറ്ററും രാഹുലിന് പുറത്തേക്കുള്ള വഴി കാണിച്ചുവെന്നും തേജസ്വി സൂര്യ പറഞ്ഞു.

എന്നാല്‍ തന്റെ അക്കൗണ്ട് ലോക്ക് ചെയ്ത ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.

തന്റെ അക്കൗണ്ട് അടച്ചുകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ട്വിറ്റര്‍ ഇടപെടുകയാണെന്നും തങ്ങളുടെ രാഷ്ട്രീയം നിര്‍വചിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്കത് ഇഷ്ടമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് മേലുള്ള ആക്രമണമാണ് ട്വിറ്ററിന്റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം, കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്തതിന് പുറമെ , അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്റിലും കമ്പനി ലോക്ക് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പാര്‍ട്ടിയുടെ അക്കൗണ്ട് ലോക്ക് ചെയ്യുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടും കമ്പനി പൂട്ടിയിരുന്നു. കമ്പനിയുടെ നയം ലംഘിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ട്വിറ്റര്‍ ഇന്ത്യ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ആ ചിത്രം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു.

ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Twitter Has Shown Him The Door”: BJP MP’s Swipe At Rahul Gandhi