| Sunday, 11th August 2024, 7:12 pm

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; സെബി പോസ്റ്റുകള്‍ ലോക്ക് ചെയ്ത് എക്‌സ്, വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനുപിന്നാലെ സെബിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത് എക്‌സ്. നിലവില്‍ സെബിയുടെ പോസ്റ്റുകളും മുഴുവനായ പ്രൊഫൈലും എക്സില്‍ ലഭ്യമല്ല.

നേരത്തെ അക്കൗണ്ട് ഫോളോ ചെയ്തവർക്ക് മാത്രമേ നിലവിൽ സെബിയുടെ പോസ്റ്റുകൾ കാണാനും റിപ്ലെ നൽകാനും റീപോസ്റ്റ് ചെയ്യാനും കഴിയൂ. ഇതിനെ തുടര്‍ന്ന് സെബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി.

അദാനിക്കും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിക്കുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യത്തില്‍, സെബിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിപ്പോകുന്നത് അമ്പരിപ്പിക്കുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം. സെബിയുടെ അക്കൗണ്ട് എക്‌സ് ലോക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് ജയറാം രമേശ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘എക്സിലെ സെബി അക്കൗണ്ട് പൂട്ടിപോയിരിക്കുന്നു. അക്കൗണ്ട് പൊതുജനങ്ങള്‍ക്ക് ആക്സസ് ചെയ്യാനാകുന്നില്ല. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത് കുറച്ച് സമയത്തേക്ക് പൂട്ടിയിരിക്കാമെന്നാണ്. എന്നാല്‍ രാജ്യത്തെ ഉന്നത നേതൃത്വത്തിന്റെ താത്പര്യ വൈരുദ്ധ്യത്തിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്ന സമയത്ത് ഈ നീക്കം അമ്പരപ്പിക്കുന്നതാണ്,’ എന്നാണ് ജയറാം രമേശ് കുറിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മൊദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സെബിയുടെ നിഷ്‌ക്രിയത്വം ആവര്‍ത്തിച്ചുള്ള നിരാശയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന മൂന്ന് ചോദ്യങ്ങളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ ഉന്നയിച്ചു.

എന്തുകൊണ്ടാണ് അക്കൗണ്ട് പൂട്ടിയത്? ഈ അവ്യക്തത, മൊദാനി കുംഭകോണത്തില്‍ സെബിയെയും അതിന്റെ നേതൃത്വത്തെയും കുറ്റപ്പെടുത്തുന്ന മുന്‍കാല റിപ്പോര്‍ട്ടുകളെ പ്ലാറ്റ്ഫോം നിശബ്ദമായി ഇല്ലാതാക്കുകയാണോ എന്നതാണ് ആദ്യ ചോദ്യം.

രണ്ടാമത്തേത്, എക്‌സ് പ്ലാറ്റ്‌ഫോം ഒരു ദേശീയ സ്വത്താണ്. അധികാരികള്‍ പൊതുജനങ്ങളുടെ ആക്‌സസ് തടഞ്ഞുവെക്കരുത് എന്നതാണ്. പ്രതിസന്ധി ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ഈ നോണ്‍-ആക്‌സസിബിലിറ്റി പക്വതയുള്ള പ്രൊഫഷണല്‍-സ്വതന്ത്ര മാര്‍ക്കറ്റ് റെഗുലേറ്ററിന്റെ അടയാളമല്ലെന്നും ജയറാം രമേശ് പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളില്‍ സെബി ചെയർപേഴ്സൺ മാധബി പുരി ബാച്ചിക്ക് ബന്ധമുണ്ടെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിനും പങ്കാളിയ്ക്കും നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസിൽബ്ലോവർമാരെ ഉദ്ധരിച്ചാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്.

Content Highlight: Twitter has locked access to SEBI posts

We use cookies to give you the best possible experience. Learn more