ന്യൂദല്‍ഹി: പണം നല്‍കിയവര്‍ക്ക് മാത്രമേ നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന നിയമം നടപ്പാക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍. ഇതോടെ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും അടക്കമുള്ള പ്രമുഖര്‍ക്ക് കഴിഞ്ഞ ദിവസം വേരിഫിക്കേഷന്‍ ചിഹ്നം നഷ്ടമായി.
ഇന്ത്യയില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് തുടങ്ങി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെയും ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരുടെയും ബ്ലൂ ടിക്കുകള്‍ നഷ്ടപ്പെട്ടു.
കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പി.ഐ.ബിയുടെ ഫാക്ട് ചെക്ക് വിഭാഗം, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐ.എസ്.ആര്‍.ഒ തുങ്ങിവയവുയുടെ അക്കൗണ്ടുകള്‍ക്കും ബ്ലൂ ടിക്ക് നഷ്ടമായി.
പണം നല്‍കിയവര്‍ക്ക് മാത്രമേ നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് സി.ഇ.ഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും ഇന്ത്യന്‍ ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. പുതുതായി അവതരിപ്പിച്ച സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപയാണ് ചെലവ്.