ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്കെതിരെ ഗുരുതരാരോപണം. സ്വിഗ്ഗി തങ്ങളുടെ ഡെലിവറി എക്‌സിക്യൂട്ടീവുകളെ അമിതമായി ചൂഷണം ചെയ്യുകയാണെന്നാണ് ‘ സ്വിഗ്ഗി ഡേ’ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നുള്ള ആരോപണം.
തൊഴിലാളികളെ വഞ്ചിക്കുന്നത് ഒരു കലയാണെങ്കില്‍, സ്വിഗ്ഗി ഒരു പിക്കാസോ ആണ് എന്നാണ് ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്. ദീര്‍ഘദൂരത്തേക്കുള്ള സര്‍വീസിന് ബോണസ് തരാതിരിക്കാന്‍ ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ സമ്മതമില്ലാതെ സോണ്‍ പരിധി വര്‍ധിപ്പിക്കുകയാണെന്നും സ്വിഗ്ഗി ഡേ പറയുന്നു. റൂട്ട് മാപ്പ് സഹിതമാണ് ട്വീറ്റ്.
സ്വിഗ്ഗി സാമ്പത്തിക ചൂഷണം നടത്തുന്നെന്ന് ആരോപിച്ച ഉപയോക്താവ് പേമെന്റ് ഹിസ്റ്ററിയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവെക്കുന്നുണ്ട്. ഈ തുകയ്ക്ക് ഞങ്ങള്‍ ജീവിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും സ്വിഗ്ഗി ഡേ ചോദിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സ്വിഗ്ഗിയും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താവ് അപൂര്‍ണമായ സ്‌ക്രീന്‍ഷോട്ട് ആണ് പങ്കുവെച്ചതെന്നും ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് നല്‍കുന്ന വേതനത്തിന്റെ എല്ലാ ഘടകങ്ങളും ഇതില്‍ കാണാനാകുന്നില്ലെന്നും സ്വിഗ്ഗി പറഞ്ഞു.
ഇന്‍സെന്റീവുകള്‍ പോലുള്ള മറ്റ് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചതെന്നും സ്വിഗ്ഗി പറയുന്നു.
ഡെലിവറി തൊഴിലാളികള്‍ക്ക് യാത്ര ചെയ്ത ദൂരത്തിനും ഡെലിവറി സമയത്തിനും മറ്റ് പല ഘടകങ്ങള്‍ക്കും ഉചിതമായ തുക നല്‍കുന്നുണ്ടെന്നും ഹൈദരാബാദിലെ മിക്ക ഡെലിവറി പങ്കാളികളും കഴിഞ്ഞ മാസം ഒരു ഓര്‍ഡറിന് 65 രൂപയിലധികം വരുമാനമുണ്ടാക്കിയെന്നും സ്വിഗ്ഗി പറയുന്നു.
ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികള്‍ ഓരോ ഓര്‍ഡറിനും 100 രൂപ വീതം സമ്പാദിക്കുന്നുണ്ടെന്നും സ്വിഗ്ഗി പറഞ്ഞു. ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ പോലും ഡെലിവറി തൊഴിലാളികള്‍ക്കൊപ്പം നിന്നതായും സ്വിഗ്ഗി അവകാശപ്പെട്ടു.
എന്നാല്‍, ഇതിന് മറുപടി സ്വിഗ്ഗി ഡേ നല്‍കുന്നുണ്ട്. നിങ്ങള്‍ പറഞ്ഞത് സത്യമാണെങ്കില്‍ എന്തിനാണ് ഹൈദരാബാദിലെയും നോയിഡയിലെയും ഡെലിവെറി എക്‌സിക്യൂട്ടീവുകള്‍ പ്രതിഷേധിക്കുന്നതെന്നാണ് സ്വിഗ്ഗി ഡേയുടെ ചോദ്യം.