ന്യൂദൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമർശനം നേരിട്ട് ട്വിറ്റർ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരായപ്പോഴാണ് ട്വിറ്റർ പ്രതിനിധിയോട് തുടരെ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. നവംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് ട്വിറ്റർ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.
ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റർ പ്രതിനിധികൾ പാർലമെന്റ് കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകിയത്.
അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സമയത്ത് അശ്രദ്ധമായ തെറ്റ് എന്നതാണ് ട്വിറ്റർ കാരണമായി പറഞ്ഞിരുന്നത്. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ കോപ്പിറൈറ്റ് പ്രശ്നമാണ് അശ്രദ്ധമായ തെറ്റായി ട്വിറ്റർ കാണിച്ചത്. ഈ ബ്ലോക്ക് ട്വിറ്റർ ഉടൻ നീക്കുകയും ചെയ്തിരുന്നുവെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെതുൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദ്വേഷപരമായ പ്രചരണങ്ങൾ,വസ്തുതാ വിരുദ്ധമായ റിപ്പാർട്ടുകൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുമായി ബന്ധപ്പെട്ട് നിയമം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ എങ്ങിനെയാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സാധിക്കുക എന്ന ചോദ്യവും പാർലമെന്ററി കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി പ്രതിനിധികളാണ് പ്രസ്തുത ചോദ്യങ്ങൾ ഉന്നയിച്ചത്.
അക്രമം പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ശക്തമായ നിയമങ്ങൾ തങ്ങൾക്ക് ഉണ്ടെന്നാണ് ഇതിന് മറുപടിയായി ഫേസ്ബുക്കും ട്വിറ്ററും അറിയിച്ചത്.
ട്വിറ്റർ തങ്ങളുടെ കണ്ടന്റുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് സ്ഥിര വിലക്ക് ഏർപ്പെടുത്തി തെളിയിച്ചതാണ്.
നേരത്തെ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് ഫേസ്ബുക്ക് ഇളവ് നൽകിയെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിനെ തുടർന്ന് കമ്പനി വലിയ വിവാദത്തിൽപ്പെട്ടിരുന്നു. ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫേസ്ബുക്കിന്റെ ഇന്ത്യൻ പോളിസി ചീഫ് അങ്കി ദാസ് വിസമ്മതിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നത്തെ പാർലമെന്ററികാര്യ സമിതി യോഗത്തിൽ വാട്സ്ആപ്പും തങ്ങളുടെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടുണ്ട്.
പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കുക, സോഷ്യൽ മീഡിയ ന്യൂസ് പ്ലാറ്റ് ഫോമുകളുടെ ദുരുപയോഗം തടയുക, സ്ത്രീകൾക്ക് സൈബർ സ്പേസിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ഇന്നത്തെ യോഗത്തിന്റെ അജണ്ട.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Twitter Grilled On Blocking Amit Shah Account At Parliamentary Panel Meet