കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡുമായി നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.
മത്സരത്തില്‍ എര്‍ലിങ് ഹാലണ്ട്, നാഥന്‍ ആക്കെ, ഫില്‍ ഫോഡന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കളിയുടെ 70ാം മിനിട്ടിലാണ് ഹാലണ്ടിന്റെ ഗോള്‍ പിറന്നത്. ഇതോടെ ഈ സീസണിലെ ഇ.പി.എല്‍ ഗോള്‍ നേട്ടങ്ങളുടെ എണ്ണം 35 തികച്ചിരിക്കുകയാണ് താരം.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇതുവരെ കളിച്ച 45 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളാണ് ഹാലണ്ട് അക്കൗണ്ടിലാക്കിയിരിക്കുന്നത്. മത്സരത്തിന് പിന്നാലെ താരത്തെ പ്രശംസിച്ച് നിരവധിയാരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രീമിയര്‍ ലീഗിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് ഇതിനകം തന്നെ ഹാലണ്ട് തകര്‍ത്തുവെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
ഹാലണ്ട് മെസിയെക്കാളും നെയ്മറെക്കാളും മികച്ച താരമാണെന്നും ട്വീറ്റുകളുണ്ട്. ഇത്രയും ബുദ്ധിമുട്ടുള്ള ഇ.പി.എല്ലിനെ ഇത്ര എളുപ്പമാക്കാന്‍ ഹാലണ്ടിനെ കൊണ്ട് മാത്രമെ സാധിക്കൂവെന്നും ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനാകുന്നത് ഹാലണ്ടാണെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 25 ജയവുമായി 79 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 34 മത്സരങ്ങളില്‍ നിന്ന് 24 ജയത്തോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ ആഴ്‌സണലാണ് രണ്ടാം സ്ഥാനത്ത്.
മെയ് ആറിന് ലീഡ്‌സ് യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം.