Football
'ഇത് വിശ്വസിക്കാനാവില്ല'; 'ബെന്‍സെമ മാഡ്രിഡ് വിടരുത്'; ഞെട്ടല്‍ വിട്ടുമാറാതെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 04, 12:25 pm
Sunday, 4th June 2023, 5:55 pm

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍താരം കരിം ബെന്‍സെമ പടിയിറങ്ങുന്നു എന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സെമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് തീരുമാനിച്ചതെങ്കിലും ഓര്‍ക്കാപ്പുറത്തായിരുന്നു താരം ക്ലബ്ബ് വിടുന്നുവെന്ന് പ്രഖ്യാപിച്ചത്.

ബെന്‍സെമ ലോസ് ബ്ലങ്കോസുമായി പിരിയുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ താരങ്ങളടക്കം നിരവധിയാളുകളാണ് ബെന്‍സെമക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്. റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച്, ക്ലബ്ബില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബെന്‍സെമയുടെ വിടവാങ്ങല്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വ്യക്തമാക്കുന്നത്.

റയല്‍ മാഡ്രിഡ് വിട്ടുപോകരുതെന്നും താരം ക്ലബ്ബില്‍ തുടരണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും ഇത് വിശ്വസിക്കാനാകില്ലെന്നും ആരാധകരിലൊരാള്‍ ട്വീറ്റ് ചെയ്തു. റയലില്‍ തീര്‍ത്ത മനോഹരമായ അധ്യായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഫുട്‌ബോളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ‘നമ്പര്‍ 9’ല്‍ ഒരാളാണ് ബെന്‍സെമയെന്നും ട്വീറ്റുകളുണ്ട്.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 214 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.

അല്‍ ഇത്തിഹാദിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ ക്ലബ്ബുമായി സൈനിങ് നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബെന്‍സെമ സൗദി ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയര്‍ന്ന വേതനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെന്‍സെമ മാറും.

2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.

Content Highlights: Twitter explodes as Karim Benzema leaves Real Madrid