സ്വകാര്യ വ്യക്തികളുടെ ഫോട്ടോയോ വീഡിയോയോ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യരുത്; സ്വകാര്യതാ നയം നവീകരിക്കാന്‍ ട്വിറ്റര്‍
national news
സ്വകാര്യ വ്യക്തികളുടെ ഫോട്ടോയോ വീഡിയോയോ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യരുത്; സ്വകാര്യതാ നയം നവീകരിക്കാന്‍ ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 9:09 am

ന്യൂദല്‍ഹി: സ്വകാര്യ വ്യക്തികളുടെ ഫോട്ടോയോ വീഡിയോയോ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നത് വിലക്കി ട്വിറ്റര്‍. ഇതിനായി ട്വിറ്ററിന്റെ സ്വകാര്യതാ സുരക്ഷ നയം നവീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

‘സ്വകാര്യതയും സുരക്ഷയുമുള്ള ടൂളുകള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, നിലവിലുള്ള സ്വകാര്യ വിവര നയം അപ്ഡേറ്റ് ചെയ്യുകയാണ്. ഞങ്ങളുടെ നിലവിലുള്ള നയം അനുസരിച്ച്, മറ്റ് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല,’ ട്വിറ്റര്‍ അറിയിച്ചു.

മറ്റ് വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് അവരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അത് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും ട്വിറ്റര്‍ അറിയിച്ചു.

ചിത്രങ്ങളുടേയും വീഡിയോയുടേയും ദുരുപയോഗം എല്ലാവരെയും ബാധിക്കുന്നതാണെങ്കിലും സ്ത്രീകള്‍, ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് തങ്ങളുടെ വിലയിരുത്തല്‍ എന്നും ട്വിറ്റര്‍ പറഞ്ഞു.

അതേസമയം വ്യക്തികളുടെ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്മതപത്രം ആവശ്യപ്പെടില്ലെന്നും എന്നാല്‍ ആരെങ്കിലും ഇതിനെതിരെ പരാതി തന്നാല്‍ നടപടിയെടുക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. അത്തരത്തില്‍ പരാതി വരുന്ന പക്ഷം ചിത്രം പിന്‍വലിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

അതേസമയം പൊതുമണ്ഡലത്തില്‍ സജീവമായ വ്യക്തികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പങ്കുവെക്കുന്നതിന് നയം ബാധകമല്ലെന്നും കമ്പനി അറിയിച്ചു.

പുതിയ സി.ഇ.ഒ ആയി പരാഗ് അഗര്‍വാള്‍ ചുമതലയേറ്റതോടെയാണ് സ്വകാര്യതാ നയം നവീകരിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ സഹസ്ഥാപകനും നിലവിലെ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ്
ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാള്‍ ചുമതലയേറ്റത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Twitter expands safety policy, disallows sharing of private media without consent