| Friday, 3rd November 2017, 9:44 am

ട്വിറ്ററിന് കൈപ്പിഴ പറ്റി ട്രംപിന്റെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായി ; ലോകം സമാധാനം അനുഭവിച്ച 11 മിനുട്ട് സമയമെന്ന് സൈബര്‍ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് 11 മിനുട്ട് നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. വ്യാഴ്ചയായിരുന്നു സംഭവം. തങ്ങളുടെ ജീവനക്കാരന്റെ കൈപ്പിഴ കൊണ്ട് സംഭവിച്ചതാണെന്നും പെട്ടെന്ന് തന്നെ ശരിയാക്കിയെന്നും ട്വിറ്റര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ആവര്‍ത്തിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.

“ക്ഷമിക്കണം ഈ പേജ് നിലവില്ല” എന്നാണ് 11 മിനുട്ട് നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ടില്‍ കയറിയവര്‍ക്ക് കാണാനായത്. അതേ സമയം പ്രസിഡന്റിന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആയിപ്പോയ സംഭവത്തില്‍ വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ലോകം സമാധാനം അനുഭവിച്ച 11 മിനുട്ടുകളായിരുന്നു ആ സമയമെന്നും ട്വിറ്ററിന് നന്ദിയെന്നാണ് ഇതിലൊരു പ്രതികരണം. ട്രംപിന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയത് ദൗര്‍ഭാഗ്യകരമെന്നാണ് മറ്റൊരു പ്രതികരണം.

ട്രംപ് തന്റെ ഈ പെഴ്‌സണല്‍ അക്കൗണ്ട് വഴിയാണ് അമേരിക്കയിലെ ജനങ്ങളുമായി സംവദിക്കുന്നതും സര്‍ക്കാരിന്റെ നയങ്ങള്‍ പ്രഖ്യാപിക്കാറുള്ളതും. 2009ലാണ് ട്രംപ് ട്വിറ്ററിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും ട്വിറ്റര്‍വഴി ട്രംപ് പ്രചാരണം നടത്തിയിരുന്നു. ഇപ്പോള്‍ 41 മില്ല്യണിലധികം ഫോളോവേഴ്‌സ് ട്രംപിനുണ്ട്.

We use cookies to give you the best possible experience. Learn more