മുംബൈ: പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കുന്ദ്ര 2013 ല്‍ പ്രസിദ്ധീകരിച്ച പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നു.
കുന്ദ്ര എഴുതിയ ‘ഹൗ നോട്ട് മേയ്ക്ക് മണി’ എന്ന പുസ്തകമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കുന്ദ്ര പുസ്തകത്തെക്കുറിച്ച് ചെയ്ത ട്വീറ്റും ആളുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
”എല്ലാവര്‍ക്കും വേഗത്തില്‍ പണക്കാരാവണം, പക്ഷേ എന്തു വില കൊടുത്താണ്?” 2013 ലെ രാജ് കുന്ദ്രയുടെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്. നിരവധിപേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ് കുന്ദ്ര ഒരിക്കല്‍ എങ്ങനെ പണം സമ്പാദിക്കരുത് എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ഞാന്‍ തമാശ പറയുകല്ല, എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്.
രാജ് കുന്ദ്ര ഇപ്പോള്‍ മറ്റെന്തോ ഒന്നാണ് സമ്പാദിക്കുന്നത്, എന്നാണ് പുസ്തകത്തിന്റെ കവര്‍ പങ്കുവെച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതിയത്.
നേരത്തെ, 2013ല്‍ രാജ് കുന്ദ്ര നടത്തിയ ചില പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2013ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുന്ദ്രയുടെ ശ്രദ്ധേയമായ പ്രസ്താവന. ദരിദ്രകുടുംബ പശ്ചാത്തലത്തിലാണ് താന്‍ വളര്‍ന്നതെന്നും അവിടെ നിന്ന് സ്വപ്രയത്നത്തിലാണ് താന്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയതെന്നും കുന്ദ്ര പറയുന്നുണ്ട്.
”ഒരു ദരിദ്ര കുടുംബത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. എന്റെ പിതാവ് 45 വര്‍ഷം മുമ്പ് ലണ്ടനിലെത്തിയയാളാണ്. അവിടെ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്താണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്. അമ്മയ്ക്ക് ഒരു ഫാക്ടറിയിലായിരുന്നു ജോലി.
പതിനെട്ടാം വയസ്സില്‍ കോളെജ് ഉപേക്ഷിച്ച ഞാന്‍ സ്വപ്രയത്നത്തിലാണ് ഇതുവരെ എത്തിയത്. അശ്രദ്ധമായി ഞാന്‍ പണം ചെലവഴിക്കുമ്പോള്‍ ശില്‍പ്പ എന്നെ വഴക്കുപറയാറുണ്ട്.
എന്നാല്‍ ഞാന്‍ സമ്പാദിച്ച പണം ആസ്വദിച്ച് ചെലവഴിക്കുന്നതില്‍ എനിക്ക് യാതൊരു ദു:ഖവും തോന്നാറില്ല. എന്റെ രോഷമാണ് ഇപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്.
ദാരിദ്ര്യത്തെ ഞാന്‍ വെറുക്കുന്നു. ഒരു പണക്കാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിലൂടെ ജീവിത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. സ്വപ്രയത്നത്തിലൂടെ ഈ നിലയില്‍ എത്തിയ എന്നെയാണ് ശില്‍പ്പ സ്നേഹിക്കുന്നതും,” എന്നായിരുന്നു കുന്ദ്രയുടെ വാക്കുകള്‍.