അവന്‍ ഒരു കാലഘട്ടത്തിന്റെ താരമാണ്, കാരണം കാലഘട്ടത്തിലൊരിക്കല്‍ മാത്രമേ അവന്‍ കളിക്കുകയുള്ളൂ; ദേവ്ദത്ത് പടിക്കലിനെതിരെ രൂക്ഷവിമര്‍ശനം
IPL
അവന്‍ ഒരു കാലഘട്ടത്തിന്റെ താരമാണ്, കാരണം കാലഘട്ടത്തിലൊരിക്കല്‍ മാത്രമേ അവന്‍ കളിക്കുകയുള്ളൂ; ദേവ്ദത്ത് പടിക്കലിനെതിരെ രൂക്ഷവിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd May 2022, 5:48 pm

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ജോസ് ബട്‌ലറിന് മറ്റു മത്സരങ്ങളെ പോലെ കത്തിക്കയറാന്‍ സാധിക്കാതിരുന്നതും സഹ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ പെട്ടന്ന് തന്നെ കൂടാരം കയറിയതുമാണ് രാജസ്ഥാന് തിരിച്ചടിയായത്.

അതേസമയം, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അവസരത്തിനൊത്തുയര്‍ന്നതോടെ രാജസ്ഥാന്‍ പൊരുതാവുന്ന സ്‌കോറിലേക്കെത്തുകയായിരുന്നു. എന്നാല്‍, കെ.കെ.ആറിന്റെ താരങ്ങള്‍ മത്സരിച്ച് ബാറ്റ് വീശിയതോടെ അഞ്ച് പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ കൊല്‍ക്കത്ത വിജയം സ്വന്തമാക്കുകയായിരുന്നു.

അഞ്ച് പന്തില്‍ നിന്നും കേവലം രണ്ട് റണ്‍സ് മാത്രമായിരുന്നു പടിക്കലിന്റെ സമ്പാദ്യം. രാജസ്ഥാന്‍ തോല്‍ക്കുകയും പടിക്കല്‍ തന്റെ മോശം ഫോം തുടരുകയും ചെയ്തതോടെ ട്വിറ്ററില്‍ താരത്തിനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു.

ദേവദത്ത് പടിക്കല്‍ ഒരു കാലഘട്ടത്തിന്റെ താരമാണ്, അതിനാല്‍ തന്നെ കാലഘട്ടത്തില്‍ ഒരിക്കല്‍ (വണ്‍സ് ഇന്‍ എ ജനറേഷന്‍) മാത്രമേ മികച്ച പ്രകടനം കാഴ്ചവെക്കൂ, ദേവ്ദത്ത് ‘ടൂ സീസണ്‍ വണ്ടര്‍’ മാത്രമാണ്, ദേവ്ദത്തിനെ പുറത്തിരുത്തി മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കൂ തുടങ്ങിയ വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.

മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു പടിക്കലിന്റെ പുറത്താവല്‍. വെറ്ററന്‍ പേസര്‍ ഉമേഷ് യാദവായിരുന്നു പടിക്കലിനെ പുറത്താക്കിയത്.

മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു പടിക്കലിനെ പുറത്താക്കിയ ഉമേഷിന്റെ ഡെലിവറി. ഉമേഷിന്റെ ഫുള്ളര്‍ ഡെലിവറി ലെഗ് സൈഡിലേക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ച പടിക്കലിന് പിഴച്ചു. ബാറ്റിന്റെ ലീഡിംഗ് എഡ്ജില്‍ തട്ടിയ പന്ത് ഉമേഷ് തന്നെ ക്യാച്ചെടുക്കുകയായിരുന്നു.

മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനമായിരുന്നില്ല താരത്തിന്റേത്. 15 പന്തില്‍ നിന്നും 15 റണ്‍സുമായി ഷോകീനിന് വിക്കറ്റ് നല്‍കിയായിരുന്നു പടിക്കലിന്റെ പുറത്താവല്‍.

 

Content Highlight: Twitter disappointed as Devdutt Padikkal falls cheaply again