| Friday, 30th October 2020, 9:44 am

ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അനുകൂലിച്ചു; മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍. ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചില്‍ നടന്ന ഭീകാരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്‍ മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്.

ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്‍ മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അല്ലാത്തപക്ഷം ട്വിറ്റര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെതിരെ തുടര്‍ച്ചയായി 13 ഓളം ട്വീറ്റുകളാണ് മഹാതിര്‍ മുഹമ്മദ് ഇട്ടത്. മാക്രോണ്‍ അക്രമണ സംഭവങ്ങള്‍ക്ക് മുസ്‌ലിങ്ങളെ പഴിക്കുന്നത് പ്രാകൃതമായ നിലപാടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നൈസ് നഗരത്തില്‍ നടന്ന ആക്രമണത്തിനു ശേഷമാണ് ഫ്രാന്‍സ് സമൂഹമാധ്യങ്ങളിലൂടെ ആക്രമണം പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെ രംഗത്തെത്തിയത്.

നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ അക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്.

44 കാരിയായ ഒരു സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു.

ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്.

ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.

ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ടുണീഷ്യന്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം ഈ പ്രതി ടുണീഷ്യയിലെ തീവ്രവാദി
പട്ടികയില്‍ ഉള്‍പ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് ഇതേ നഗരത്തിലാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്.

2016 ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2016 ല്‍ 86 പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിനിടെ സൗദി അറേബ്യയിലെ ഫ്രാന്‍സ് കൗണ്‍സുലേറ്റിലേക്ക് ആക്രമണം നടന്നിട്ടുണ്ട്. ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് കത്തിക്കുത്തില്‍ പരിക്ക് പറ്റിയത്. ഇയാള്‍ നിലവില്‍ ചികിത്സയിലാണെന്ന് ഫ്രാന്‍സ് എംബസി അറിയിച്ചു. സംഭവത്തില്‍ സൗദി പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter Deletes Ex-Malaysian PM’s Tweet For Glorifying Attack In France

We use cookies to give you the best possible experience. Learn more