| Tuesday, 13th June 2023, 12:05 pm

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ട്വിറ്റര്‍ പൂട്ടിക്കും, റെയ്ഡ് നേരിടേണ്ടി വരും; കേന്ദ്രസര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടായി: മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെയും സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സേ. അല്ലാത്തപക്ഷം ഓഫീസുകള്‍ പൂട്ടുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും സമ്മര്‍ദമുണ്ടായതായും അദ്ദേഹം പറഞ്ഞു. ബ്രേക്കിങ് പോയിന്റെന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭീഷണികളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം വിദേശ സര്‍ക്കാറുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം നേരിട്ടിട്ടുണ്ടോ എന്ന അവതാരകരുടെ ചോദ്യത്തിന് ഇന്ത്യ അതിനൊരു ഉദാഹരണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം അദ്ദേഹം വിശദീകരിച്ചത്.

‘ഇന്ത്യ ഒരു ഉദാഹരണമാണ്. കര്‍ഷക സമരങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള റിക്വസ്റ്റുകള്‍ ഒരുപാട് വന്നു. ഇന്ത്യയില്‍ ഞങ്ങള്‍ ട്വിറ്റര്‍ പൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും എന്ന് അവര്‍ പറഞ്ഞു. അത് ചെയ്യുകയും ചെ്‌യതു. നിങ്ങള്‍ ഇത് അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞു. ഇതാണ് ജനാധിപത്യ രാജ്യമായ ഇന്ത്യ,’ അദ്ദേഹം പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലെ ഇന്ത്യയുടെ നിയമങ്ങള്‍ വളരെ കര്‍ശനമാണെന്നും ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് സമാനമായി തുര്‍ക്കിയും നൈജീരിയയും പെരുമാറിയിട്ടുണ്ടെന്ന് ഡോര്‍സേ കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ പൂട്ടിക്കുമെന്ന് തുര്‍ക്കിഷ് സര്‍ക്കാറും പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിഷ് സര്‍ക്കാറുമായുള്ള പ്രശ്‌നം കോടതിയിലെത്തിയെന്നും അതില്‍ വിജയിച്ചെന്നും ഡോര്‍സേ പറഞ്ഞു.

ഡോര്‍സേയുടെ ഈ അഭിമുഖം യൂത്ത് കോണ്‍ഗ്രസും നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയും ട്വിറ്ററിലൂടെ പങ്കുവെച്ചു. ‘ഫില്‍ട്ടര്‍ ചെയ്യാത്ത ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി. പറഞ്ഞത്.

ജനാധിപത്യത്തിന്റെ ഘാതകരാണ് ബി.ജെ.പിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് എന്‍.എസ്.യു.ഐ നേതാവ് നീരജ് കുന്ദനും പറഞ്ഞു.

അതേസമയം ഡോര്‍സിയുടെ ആരോപണങ്ങള്‍ നുണയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

2021 ഫെബ്രുവരിയില്‍ കര്‍ഷക സമരത്തെ കുറിച്ചുള്ള പോസ്റ്റുകളുള്ള വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ സ്ലോ ആയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് ട്വിറ്റര്‍ ഈ നീക്കം നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത സോഴ്‌സിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഓഫീസില്‍ റെയ്ഡ് നടന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അന്നത്തെ ഇന്ത്യ മോധാവി മനീഷ് മഹേശ്വരിയെ ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യുകയും ചെയ്തു.

content highlights: twitter co founder againts central government

Latest Stories

We use cookies to give you the best possible experience. Learn more