ന്യൂദല്‍ഹി: ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചു പൂട്ടി ട്വിറ്റര്‍. ചെലവ് ചുരുക്കാനും സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാനുമുള്ള ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ പുതിയ പദ്ധതിയാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ മുംബൈ, ദല്‍ഹി ഓഫീസുകളാണ് അടച്ചു പൂട്ടിയത്. നിലവില്‍ ഓഫീസുകളില്‍ ഉണ്ടായിരുന്ന തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ബംഗളൂരുവിലെ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 90 ശതമാനം തൊളിലാളികളെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു.
2022 നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സി.ഇ.ഒ ആയി ചുമതലയെടുത്ത ശേഷം ലോകമെമ്പാടുമുള്ള തൊഴിലാളികളെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും നിരവധി എന്‍ജിയറിങ്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടിരുന്നു.
44 ബില്യണ്‍ ഡോളര്‍ ഏറ്റെടുക്കല്‍ സാധ്യമാക്കാനായിരുന്നു ഇത്തരമൊരു നടപടി. സി.ഇ.ഒ ആയി ചുമതലയേറ്റ ശേഷം പല എക്‌സിക്യൂട്ടീവുകളേയും മസ്‌ക് പുറത്താക്കിയിരുന്നു.
‘ട്വിറ്ററിന്റെ ആരോഗ്യകരമായ നടത്തിപ്പില്‍ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസകരമായ തീരുമാനം വെള്ളിയാഴ്ച കൈക്കൊള്ളും. ട്വിറ്ററിന് വേണ്ടി ഗണ്യമായ സംഭാവന നല്‍കിയ പലരെയും ഇത് ബാധിക്കുമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. പക്ഷേ കമ്പനിക്ക് വിജയത്തോട് മുന്നോട്ട് നീങ്ങാന്‍ ഈ തീരുമാനം ആവശ്യമാണ്.’ ട്വിറ്റര്‍ തൊളിലാളികള്‍ക്ക് അയച്ച മെയിലില്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ട്വിറ്റര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട സമൂഹ മാധ്യമമായി മാറിയിരുന്നു. മസ്‌കിന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന് വിപണിയോടുള്ള താല്‍പര്യങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
content highlight: Twitter closes two-thirds of offices in India; Reportedly the decision to cut costs