| Monday, 12th October 2020, 10:21 am

ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍; 'കൊവിഡിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കൊവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി കൈവന്നുവെന്ന ട്രംപിന്റെ ട്വീറ്റ് വ്യാജമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ട്വിറ്ററിന്റെ നടപടി.

കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.

‘വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയിത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം,’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

‘കൊവിഡിനെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് വഴി ഈ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കുന്നു. പൊതുജന താത്പര്യാര്‍ത്ഥം മാത്രമേ ട്വീറ്റ് നിലനിര്‍ത്തൂ എന്ന് ട്വിറ്റര്‍ പറഞ്ഞു,’ ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിനെ അടയാളപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതാണ് ട്രംപിന്റെ ട്വീറ്റ്. അത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ട്വിറ്റര്‍ പരിമിതപ്പെടുത്തുമെന്നും ട്വിറ്റര്‍ വക്താവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് സേനാ ആശുപത്രിയിലേക്ക് മാറിയിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ട്രംപ് കൊവിഡ് മുക്താനായെന്ന് പറഞ്ഞ് ആശുപത്രി വിട്ടിരുന്നു.

ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്ന് ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയോളം അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ട്രംപിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ താന്‍ പരിപൂര്‍ണമായും കൊവിഡ് മുക്തനായെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താന്‍ ജോബൈഡനെ പോലെ നിലവറയില്‍ ഒളിച്ചിരിക്കില്ലെന്നും കൊവിഡില്‍ നിന്ന് പ്രതിരോധ ശേഷി നേടിക്കഴിഞ്ഞെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ട്രംപ് കൊവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല, അതിനാല്‍ വേദിയില്‍ ഒരുമിച്ചെത്തി പ്രചാരണ ചര്‍ച്ചകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter Claims that Trump’s tweet is fake

We use cookies to give you the best possible experience. Learn more